edavela-babu-amma-resign

താരസംഘടനയായ അമ്മയില്‍ നേതൃമാറ്റം. ജൂണ്‍ 30ന് അമ്മ ഭാരവാഹി തെരഞ്ഞെടുപ്പും വാര്‍ഷിക ജനറല്‍ ബോഡിയും നടക്കാനിരിക്കെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയ‌ുമെന്ന് ഇടവേള ബാബു പറഞ്ഞു. മോഹന്‍ലാല്‍ പ്രസിഡന്റായി തുടരുമെന്നും അധികാരദുര്‍വിനിയോഗം ചെയ്യാത്തയാള്‍തന്നെയാകും പുതിയ ജനറല്‍ സെക്രട്ടറിയെന്നും ഇടവേള ബാബു മനോരമ ന്യൂസിനോട്. രാഷ്ട്രീയക്കാര്‍ അമ്മയുടെ ഒൗദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കരുതെന്നാണ് അഭ്യര്‍ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

സംഘടനയിലേക്ക് പുതിയ ആളുകള്‍ വരേണ്ട സമയമായെന്നും സന്തോഷത്തോെടയാണ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്നതെന്നുമാണ് ഇടവേള ബാബു വ്യക്തമാക്കുന്നത്. അമ്മയില്‍ ജനറല്‍ സെക്രട്ടറിക്കാണ് അധികാരം. ആ അധികാരം ദുരുപയോഗം ചെയ്യാത്തയാളാകും പുതിയ ജനറല്‍ സെക്രട്ടറി. തന്റെ നല്ല കാലയളവാണ് അമ്മയില്‍ ചെലവഴിച്ചത്. വിവാഹം ഉണ്ടാകില്ല. തന്നെ മനസിലാക്കുന്നയാളുമായി കൂട്ടുകെട്ടുണ്ടാകാം. അമ്മയിലെ ആളുകള്‍ക്ക് രാഷ്ട്രീയം ഉണ്ടായപ്പോഴാണ് സംഘടനയ്ക്ക് കാലിടറിയത്. അവിടുന്നാണ് അമ്മയ്ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് ശക്തി കൂടിയതും. ഇന്‍ഷുറന്‍സും  അംഗങ്ങള്‍ക്കുള്ള കൈനീട്ടവും അടക്കം പ്രതിവര്‍ഷം മൂന്നുകോടിരൂപ അമ്മയുടെ നടത്തിപ്പിനായി വേണ്ടിടത്ത് കൂട്ടുത്തരവാദിത്തം ഉണ്ടായേ മതിയാകൂ, ഇടവേള ബാബു പറയുന്നു.

അമ്മ രൂപീകരിച്ച 94മുതല്‍ അംഗമായ ഇടവേള ബാബു ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സജീവമായ മൂന്ന് പതിറ്റാണ്ടില്‍നിന്നാണ് ഇടവേളയെടുക്കുന്നത്. പുതിയ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖ് തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന സൂചനകള്‍ക്കിടെ കൂടുതല്‍ യുവാക്കളും നേതൃനിരയില്‍ എത്തിയേക്കും. അമ്മയുമായി ബന്ധപ്പെട്ട ജീവിതത്തിന്റെ വലിയ കാലയളവ് തന്റെ ആത്മകഥയില്‍ പ്രതീക്ഷിക്കാമെന്ന് ഇടവേള പറയുന്നു.

ENGLISH SUMMARY:

Leadership change in AMMA; Edavela Babu will resign from General Secretary post. Mohanlal will continue to be the president and the new general secretary will be the one who does not abuse his power, says Edavela Babu.