vidya-meets-mohanlal

ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാല്‍ അത് സാധ്യമാക്കാന്‍ ലോകം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് കേട്ടിട്ടില്ലേ.. . ആ സന്തോഷത്തിലാണ് തിരുവനന്തപുരം മുടവന്‍മുഗള്‍ സ്വദേശി വിദ്യ. നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിദ്യയുടെ ആഗ്രഹം സഫലമായി. ലാലേട്ടനെ നേരില്‍ കണ്ട് പത്താംക്ലാസിലെ ഓട്ടോഗ്രാഫില്‍ ഒരൊപ്പ്. അതായിരുന്നു വിദ്യയുടെ മോഹം. അത് സഫലമാക്കാന്‍ ഒപ്പം നിന്നത് മഴവില്‍ മനോരമയും. താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് സംഘടിപ്പിച്ച 'മഴവില്‍ എന്‍റര്‍ടൈയ്ന്‍​മെന്‍റ് അവാര്‍ഡി'നിടെയാണ് വിദ്യ 'വൈറല്‍ വിദ്യ'യായത്.

മൂന്നുദിവസത്തെ കാത്തിരിപ്പിനൊടുവില്‍ റിഹേഴ്സല്‍ ക്യാംപില്‍ മോഹന്‍ലാല്‍ വന്നു. സൂപ്പര്‍താരത്തെ കാണാന്‍ നടന്‍ സിജുവിന്‍റെയും നാദിര്‍ഷായുടെയും അനുശ്രീയുടെയുമെല്ലാം സഹായം തേടിയ വിദ്യ കാത്തുനില്‍ക്കുകയായിരുന്നു. ഒരുവട്ടം അരികിലൂടെ കടന്നുപോയപ്പോള്‍ ‘പിന്നീടാകട്ടെ’ എന്ന് ഒരു വാക്ക്. അല്‍പം കഴിഞ്ഞ് വിദ്യയുടെ അടുക്കലേക്ക് എത്തിയ മോഹന്‍ലാല്‍ പേരെന്താണെന്ന് ചോദിച്ച് ഓട്ടോഗ്രാഫ് വാങ്ങിയപ്പോഴേക്കും ആ കണ്ണുകള്‍ നിറഞ്ഞു.

mohanlal-autograph

തിരുവനന്തപുരത്ത് മുടവന്‍മുഗളിലാണ് വീടെന്നും ലാലേട്ടന്‍റെ വീടിനെ തൊട്ടടുത്താണെന്നും വിദ്യ കിട്ടിയ സമയത്തിനുള്ളില്‍ പറഞ്ഞു. ട്യൂഷന് പോകുമ്പോഴെല്ലാം ലാലേട്ടന്‍ അവിടെയുണ്ടോയെന്ന് നോക്കുമെന്ന് പറയുമ്പോള്‍ സ്നേഹം കലര്‍ന്ന ചിരിയോടെ താരം നടന്നു നീങ്ങി. 'വിദ്യ.., സ്നേഹപൂര്‍വം നിങ്ങളുടെ മോഹന്‍ലാല്‍' എന്നായിരുന്നു താരം ഓട്ടോഗ്രാഫില്‍ കുറിച്ചത്. 

കരച്ചിലടക്കാന്‍ പാടുപെടുമ്പോഴും, ഈ സന്തോഷം വീട്ടില്‍ വിളിച്ച് പറയണമെന്നും സദ്യയ്ക്കൊടുവില്‍ ബോളിയില്‍ പായസം ഒഴിച്ച് കഴിച്ച സംതൃപ്തിയാണ് തനിക്കിപ്പോഴെന്നും വിദ്യ പറയുന്നു.

ENGLISH SUMMARY:

Vidya, an ardent fan of Mohanlal, had the chance to meet him and shares her fan girl moment