ബാറുകളിലെ പണപ്പിരിവ് മുഖ്യമന്ത്രിയും ഓഫിസും അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. മുഖ്യമന്ത്രി,എക്സൈസ്, ടൂറിസം മന്ത്രിമാരുടെ നിർദേശമെന്ന പേരിൽ നിർബന്ധിത പിരിവെന്നു ചൂണ്ടിക്കാട്ടി ഒരു വിഭാഗം ബാറുടമകൾ മുഖ്യമന്ത്രിയുടെ ഓഫിസിലാണ് പരാതി നൽകിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 20 ന് നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫിസ് എക്സൈസ് വിജിലൻസിന് കൈമാറുകയും ചെയ്തു. പരാതിയുടെ പകർപ്പ് മനോരമ ന്യൂസിന് ലഭിച്ചു.
ആവശ്യപ്പെടുന്ന പണം ഓഫിസ് മന്ദിരം പണിയാനല്ലെന്നും അതിനായി തൊട്ടു മുൻപ് ഒരു ലക്ഷം വീതം വാങ്ങിയിരുന്നെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. നേരത്തെ ശബ്ദരേഖ പുറത്തു വന്നപ്പോൾ പണം വാങ്ങുന്നത് ഓഫിസ് മന്ദിരത്തിനായിരുന്നെന്നായിരുന്നു ബാർ അസോസിയേഷന്‍റെ വാദം. പണം പിരിക്കുന്നത് പ്രസിഡന്‍റ് വി.സുനിൽകുമാറും ട്രഷറർ ബിനോയും ചേർന്നാണ്. ബാറുടമകളിൽ നിന്നും പണം പിരിയ്ക്കുകയും സർക്കാരിൽ നിന്നു കിട്ടിയ പദവികൾ ഇവർ രണ്ടു പേരും സ്വന്തമാക്കുകയും ചെയ്തു. ഇനിയും പണപ്പിരിവ് തുടർന്നാൽ തളർന്നു പോകുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിയുടെ ഓഫിസിൽ ഏപ്രിൽ 20 നാണ് പരാതി നൽകിയത്. ഈ പരാതി എക്സൈസ് വിജിലൻസിനു കൈമാറി. എന്നാൽ അന്വേഷണ പുരോഗതിയില്ലാതെയായി. അന്വേഷണം തുടങ്ങിയത് പണപ്പിരിവിലെ ശബ്ദരേഖ പുറത്ത് വന്ന ശേഷം മാത്രമാണ്. പകർപ്പ് കൂടി പുറത്തു വന്നതോടെ എന്തിനായിരുന്നു 2 ലക്ഷം പിരിവെന്ന് പിരിച്ചവർ വ്യക്തമാക്കേണ്ടി വരും. മാത്രമല്ല എക്സൈസ് വിജിലൻസിനും ഒരു കൂട്ടം പരാതികളാണ് പണപ്പിരിവിൽ ലഭിച്ചത്. ഇതോടെ വിവാദം കൂടുതൽ ശക്തമാകും.