വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ വഴിത്തിരിവ്. കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചത് ലീഗ് പ്രവർത്തകൻ ഖാസിം അല്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. കേസിൽ പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ പേജുകൾക്കെതിരെ അന്വേഷണം തുടങ്ങിയതായും റിപ്പോർട്ടിലുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
വിവാദ വാട്സ്ആപ് സ്ക്രീൻ ഷോട്ടിന്‍റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ ലീഗ് പ്രവർത്തകൻ പി.കെ.ഖാസിം സമർപ്പിച്ച ഹർജിയിൽ പൊലീസിനോട് കോടതി റിപ്പോർട്ട് ചോദിച്ചിരുന്നു. ഇത് പ്രകാരം സമർപ്പിച്ച റിപ്പോർട്ടിലാണ് കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചത് ഖാസിം അല്ലെന്ന് വ്യക്തമാക്കുന്നത്. ഖാസിമിന് എതിരെ പ്രഥമ ദൃഷ്ട്യാ തെളിവില്ല. ഖാസിമിന്‍റെ മൊബൈൽ ഫോൺ പരിശോധിച്ചിരുന്നു. സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തതും പ്രചരിപ്പിച്ചതും ഈ ഫോണിൽ നിന്നല്ലെന്നും പൊലീസ് അറിയിച്ചു. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ ഫെസ്ബുക് പ്രൊഫൈലുകൾക്ക് എതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ പേജുകളിലാണ് വ്യാജ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്.
ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കും. സൈബർ ടീമിന്‍റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണ്. കാഫിർ പരാമർശം ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യാത്തതിന് ഫേസ്ബുക്കിന്റെ നോഡൽ ഓഫീസറെ പ്രതിചേർത്തു. സിപിഎം നേതാവ് കെ.കെ.ലതികയുടെ ഫോണ്‍ പരിശോധിച്ച് മഹ്സർ തയ്യാറാക്കിയിട്ടുണ്ട്. കേസിൽ 12 പേരുടെ മൊഴി രേഖപ്പെടുത്തിയതായും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഹർജി ഈ മാസം 28ന് കോടതി വീണ്ടും പരിഗണിക്കും. അതിനുമുമ്പ് ഹർജിക്കാരനോട് മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി.