Kuwait-Death-N

കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ചവര്‍ക്ക് കണ്ണീര്‍പ്രണാമമര്‍പ്പിച്ച് കേരളം. ഉറ്റവരുടെ ഭൗതികദേഹങ്ങള്‍ വീട്ടുകാര്‍ ഏറ്റുവാങ്ങി. 24 മലയാളികളില്‍ പന്ത്രണ്ടുപേരുടെ സംസ്കാരം പൂര്‍ത്തിയായി. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങള്‍ വീടുകളിലേക്കെത്തി. മന്ത്രിമാരും ജനപ്രതിനിധികളും അന്തിമോചാരം അര്‍പ്പിച്ചു.  

 

‌23 മലയാളികളുടേതടക്കം 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ രാവിലെയാണ് കൊച്ചിയില്‍ എത്തിച്ചത്. 14 മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു. കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ച 45 പേരുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള നാവികസേന വിമാനം പത്തരയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. ഒരു മണിക്കൂറോളം നീണ്ട നടപടിക്രമങ്ങൾക്ക് ശേഷം 31 മൃതദേഹങ്ങൾ പുറത്തെത്തിച്ചു. ഇതിൽ 23 പേർ മലയാളികളും 7 പേർ തമിഴ്നാട്ടുകാരും ഒരാൾ കർണാടകക്കാരനുമാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗും മൃതദേഹങ്ങളെ അനുഗമിച്ചു.  

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംസ്ഥാന മന്ത്രിമാർ എന്നിവരും ആദരമർപ്പിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള 7 പേരുടെ മൃതദേഹം ഏറ്റുവാങ്ങിയത് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി കെ.എസ്.മസ്താൻ. ഗാർഡ് ഓഫ് ഓണറിന് ശേഷം മൃതദേഹങ്ങൾ തയ്യാറാക്കി നിർത്തിയിരുന്ന ആംബുലൻസുകളിലേക്ക് കയറ്റി. പൊലീസ് അകമ്പടിയോടെയാണ് ഓരോ മൃതദേഹവും ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോയത്.