നെടുമ്പാശേരി വിമാനത്താവളം. പലപ്പോഴും കണ്ണീരണിഞ്ഞ യാത്രയാക്കലുകള്‍..വേര്‍പാടിന്‍റെ മുറിവുകള്‍ക്കും ചേര്‍ത്തണക്കലിന്‍റെ സന്തോഷത്തിനും പിന്നെ ആവേശത്തോടെ ഒാരോ പ്രവാസിയും കൂടണയുന്ന ആനന്ദക്കണ്ണീരിനും സാക്ഷിയായ നിമിഷങ്ങള്‍ ഏറെയുണ്ട് നെടുമ്പാശേരി വിമാനത്താവളത്തിന്.
മലയാളിയുടെ സ്വപ്ന യാത്രകള്‍ക്ക് എന്നും എപ്പോഴും മൂക സാക്ഷിയാകുന്ന നെടുമ്പാശേരി വിമാനത്താവളം ഇപ്പോള്‍ ശോകമൂകമായിരിക്കുന്നു. ഈ നാടിന്‍റെ മുഴുവന്‍ കണ്ണുകളും ഇന്ന് ആ വിമാനത്താവളത്തിലേക്കാണ്. ഒാരോ മലയാളിയും ലോകത്തിന്‍റെ ഒാരോ കോണിലുമുള്ള പ്രവാസികളെല്ലാവരും മനസുകൊണ്ട് അവിടെ അവരുടെ ഉറ്റവര്‍ക്കൊപ്പവും..
ജീവിതം കരുപിടിപ്പിക്കാമെന്ന പ്രതീക്ഷയോടെയാണ് ഒാരോ മലയാളിയും പ്രവാസിയാകുന്നത്. കടല്‍ കടക്കുന്നത്...എണ്ണി കഴിഞ്ഞ ദിവസങ്ങള്‍ക്കൊടുവില്‍ ഉറ്റവരെ കാണാന്‍ നാട്ടിലേക്ക് തിരികെ വിമാനം കേറുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം പേറുന്ന മനസ്. പ്രവാസികളുള്ള ഒാരോ വീട്ടിടവും ഇതിന്‍റെ മറുപാതിയും. മനസുവിങ്ങി കാത്തിരുന്ന് ഒടുവില്‍ അത് ചേര്‍ത്തണയ്ക്കലിലേക്ക് വഴി മാറുന്ന നിമിഷങ്ങള്‍.
പക്ഷെ ഇന്നത് മരവിപ്പിന് വഴി മാറുന്നു. ചേതനയറ്റ ശരീരങ്ങളായി ഇന്നവര്‍ തിരികെ നാടണയുമ്പോള്‍ ആ കുടുംബങ്ങള്‍ മാത്രമല്ല നാടൊന്നാകെ കണ്ണീരണിയുന്നു. തീരാനോവായ് അവര്‍ മടങ്ങിയെത്തുന്നു. സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ ഒരു മടക്കം. ഒരുവേള സന്തോഷത്തോടെ തങ്ങളുടെ ഉറ്റവരെ കൂട്ടിക്കൊണ്ട് പോകാനെത്തിയവര്‍ പ്രതീക്ഷകള്‍ അസ്തമിച്ച് കണ്ണീര്‍ വറ്റി കാത്തുനില്‍ക്കുന്ന കാഴ്ചയാണ് ആകാശം മുട്ടെ പ്രതീക്ഷയുമായി നില്‍ക്കുന്ന നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്നുള്ളത്.
കുന്നോളം പ്രതീക്ഷകളുമായി പോയ 24 മലയാളികള്‍ ഉള്‍പ്പെടെ 45പേരുടെ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള വ്യോമസേന വിമാനം പത്തുമണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലേക്കെത്തും. മലയാളിയുടെ തന്നെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന ഫ്ലാറ്റിലായിരുന്നു ബുധനാഴ്ച പുലര്‍ച്ചെ തീപിടിത്തമുണ്ടായത്.അപകടത്തില്‍ മരിച്ച 49പേരെയും തിരിച്ചറിഞ്ഞു.ഇതില്‍ 46പേരും ഇന്ത്യക്കാരാണ്.മൂന്നുപേര്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ളവരും.