കുവൈത്തിലെ മംഗഫിൽ കമ്പനി ജോലിക്കാർ താമസിക്കുന്ന ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മേപ്രാൽ ചിറയിൽ മരോട്ടിമൂട്ടിൽ ഉമ്മന്‍ സി തോമസ് എന്ന ജോബിയുടെ വിയോഗം വാര്‍ത്ത കുടുംബത്തിനും നാടിനും ഉൾക്കൊള്ളാനായിട്ടില്ല. കുവൈത്തിൽ ബുധാഴ്ച പുലർച്ചെ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജോബിയെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല.

ഉറങ്ങി കിടന്ന ജോബി പുക ശ്വസിച്ചാണ് മരിച്ചത്. മുറിയില്‍ കൂടെ താമസിച്ചയാള്‍ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ ജോബിക്ക് രക്ഷപ്പെടാനായില്ല. ചൊവ്വാഴ്ച ജോലി കഴിഞ്ഞ് മടങ്ങിയെത്തി വൈകിട്ട് അമ്മ റാണിയോട് സംസാരിച്ചിരുന്നതാണ്. മകൻ ജീവനോടെ ഉണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു റാണിക്ക്. ജോബിയെ ബന്ധപ്പെടാൻ ഭാര്യ ജിനു പലതവണ ഫോണിൽ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. 

മകന് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. അവന്‍റെ കുഞ്ഞ് അനാഥയായി. ഞങ്ങളുടെ മോന്‍ പോയി. സങ്കടം താങ്ങനാകാതെ ജോബിയുടെ അമ്മ റാണി പറഞ്ഞു. ജോബിക്ക് 5 വയസ് പ്രായമുള്ള മകളുണ്ട്.  സഹോദരനുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന വീട്ടിലേക്ക് താമസം മാറാന്‍ 5 മാസത്തിന് ശേഷം  നാട്ടിലേക്ക് വരാനിരിക്കെയാണ് ജോബിയുടെ മരണ വാര്‍ത്ത എത്തിയത്. 

അവന് ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു..!

കുവൈത്ത് എംബസി പുറത്തുവിട്ട മരണപ്പെട്ടവരുടെ ആദ്യ ലിസ്റ്റിൽ ജോബിയുടെ പേരില്ലായിരുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ജോബിയുടെ മരണം സ്ഥിരീകരിച്ചത്. 5  വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന ജോബി 6 മാസം മുൻപാണ് നാട്ടിൽ വന്നു മടങ്ങിയത്.

ENGLISH SUMMARY:

The devastating news of Oommen C. Thomas' untimely death in a fire at the company accommodation in Mangaf, Kuwait