ഒരേ കമ്പനിയില്‍ ഒരേ കെട്ടിടത്തില്‍ ഒന്നിച്ച് ഉണ്ടും ഉറങ്ങിയും കഴിഞ്ഞവരാണ് കുവൈത്ത് ദുരന്തത്തില്‍ മരിച്ചവരെല്ലാവരും. വര്‍ഷങ്ങളുടെയും മാസങ്ങളുടെയും ദിവസങ്ങളുടെയും പരിചയത്തില്‍ സുഹൃത്തുക്കളായവര്‍. പതിവു പോലെ അന്നും അന്തിയുറങ്ങാന്‍ പോയത് അവരെല്ലാവരും ഒരു നല്ല നാളെയുടെ പ്രതീക്ഷകളോടെയായിരുന്നു. കുട്ടികളെയും കുടുംബത്തെയും കണ്ണില്‍ക്കണ്ടുറങ്ങിയവര്‍. പാതിയില്‍ നിര്‍ത്തിയ വീടിന്റെ അഴകൊത്ത രൂപം സ്വപ്നം കണ്ടുറങ്ങിയവര്‍. എല്ലാം ഒരു നിമിഷനേരത്തെ ദുരന്തമായി എന്നന്നേക്കുമായി അവസാനിച്ചു.
പുകയും തീയും നിറയുന്നത് കണ്ട് ചിലരെല്ലാം കെട്ടിടത്തില്‍ നിന്നും ചാടാന്‍ ശ്രമിച്ചെങ്കിലും അതിനു സാധിക്കാതെ വന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. പിന്‍മാറാതെ ചാടി രക്ഷപ്പെടാന്‍ നോക്കിയ പലരും പരുക്കുകളോടെ രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ ചിന്തിക്കാന്‍ പോലുമാവാത്ത വിധം പെട്ടുപോയവരാണ് ദുരന്തത്തിനു ഇരകളായത്.
പലരുടേയും കുടുംബം ഉറ്റവര്‍ക്ക് അപകടം സംഭവിച്ചെന്നു മാത്രമാണ് ആദ്യം അറിഞ്ഞത്. പത്രവാര്‍ത്തകളിലൂടെയാണ് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായത്. എല്ലാ കുടംബത്തിലും അത്താണിയായിരുന്നവരാണ് തീരാദുഖമായി മാറിയിരിക്കുന്നത്.
24 മലയാളികളുടെ ജീവനാണ് കുവൈത്തിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ നഷ്ടമായത്. എല്ലാവരുടെയും ചേതനയറ്റ മൃതദേഹങ്ങള്‍ പ്രത്യേക ആംബുലന്‍സുകളില്‍ നാട്ടിലേക്കെത്തുകയാണ്. എല്ലാ വീടുകളിലും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ചിതയൊരുങ്ങിക്കഴിഞ്ഞു. പത്തനംതിട്ട ജില്ലയില്‍ ആറുപേരാണ് ഈ ദുരന്തത്തില്‍ മരിച്ചത്. ആദ്യം മുരളീധരന്‍ നായരുടെ മൃതദേഹമാണ് സംസ്കരിക്കുക. ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധിപ്പേര്‍ വീടുകളില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തുകയാണ്. പന്തളം സ്വദേശി ആകാശിന്റെ മൃതദേഹം നാളെ ഉച്ചയോടെയാവും സംസ്കരിക്കുക. മറ്റുള്ളവരുെട മൃതദേഹം അടുത്ത ദിവസങ്ങളിലാവും സംസ്കാരം നടത്തുക.
23 മലയാളികളുടേതടക്കം 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൊച്ചിയിലെത്തിക്കുകയായിരുന്നു. 7 തമിഴ്നാട്ടുകാരുടെ മൃതദേഹങ്ങള്‍ തമിഴ്നാട് മന്ത്രി ഏറ്റുവാങ്ങി. ഒരു കര്‍ണാടകക്കാരന്‍റെ മൃതദേഹവും ഇവിടെവച്ച് കൈമാറി. 14 മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി.