പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എം.ടി വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. കോഴിക്കോട്ട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പത്തുമണിക്കായിരുന്നു അന്ത്യം. വീട്ടില്‍ വിശ്രമത്തിലായിരുന്ന എം.ടിയെ ശ്വാസതടസത്തെത്തുടര്‍ന്ന് പതിനഞ്ചാം തീയതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായി, പിന്നാലെ ഹൃദയാഘാതവുമുണ്ടാകുകയായിരുന്നു. മലയാളത്തിന്റെ ഖ്യാതി അതിരുകള്‍ കടത്തിയ എഴുത്തുകാരനാണ് തൊണ്ണൂറ്റിയൊന്നാം വയസ്സില്‍ വിട പറയുന്നത്. എഴുത്തുകാരനപ്പുറം തിരക്കഥാകൃത്തായും സംവിധായകനായും ഇന്ത്യന്‍ സിനിമയിലും പതിറ്റാണ്ടുകള്‍ തലയെടുപ്പോടെ നിന്ന പ്രതിഭയായിരുന്നു എം.ടി.
1933 ജൂലൈ 15ന് കൂടല്ലൂരിൽ ടി. നാരായണൻ നായരുടെയും അമ്മാളു അമ്മയുടെയും മകനായാണ് എം.ടിയുടെ ജനനം. 'എന്‍റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്‍റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്. എന്‍റെ അമ്മയുടെ തലോടലും ശാസനയുമാണ്. എന്റെ ഭാഷ ഞാൻ തന്നെയാണ്’ എന്നെഴുതിയ എം.ടി മടങ്ങുമ്പോള്‍ അനാഥമാകുന്നത് ഒരു നാടൊന്നാകെയാണ്.
മഞ്ഞ്, കാലം, നാലുകെട്ട്, അസുരവിത്ത്, വിലാപയാത്ര,പാതിരാവും പകൽ വെളിച്ചവും, അറബിപ്പൊന്ന്' (എൻ.പി.മുഹമ്മദുമായി ചേർന്നെഴുതിയത്), രണ്ടാമൂഴം,വാരണാസി എന്നിവയാണ് നോവലുകള്‍. ഇരുട്ടിന്റെ ആത്മാവ്, ഓളവും തീരവും, കുട്ട്യേടത്തി, വാരിക്കുഴി, പ തനം, ബന്ധനം, സ്വർഗ്ഗം തുറക്കുന്ന സമയം, വാനപ്രസ്ഥം, ദാർ-എസ്-സലാം, രക്തം പുരണ്ട മൺ തരികൾ,വെയിലും നിലാവും,കളിവീട്,വേദനയുടെ പൂക്കൾ,ഷെർലക്ക്,ഓപ്പോൾ,നിന്റെ ഓർമ്മയ്ക്ക്, വിത്തുകൾ, കർക്കിടകം, വില്പന, ചെറിയ ചെറിയ ഭൂകമ്പങ്ങൾ, പെരുമഴയുടെ പിറ്റേന്ന്, കല്പാന്തം, കാഴ്ച, ശിലാലിഖിതം എന്നീ കഥകളും ആ തൂലികയില്‍ നിന്നും പിറന്നു. മുറപ്പെണ്ണ്, നിര്‍മാല്യം, സദയം, സുകൃതം, ഇരുട്ടിന്‍റെ ആത്മാവ്, ഓളവും തീരവും, പെരുന്തച്ചന്‍, ഒരു വടക്കന്‍ വീരഗാഥ എന്നിങ്ങനെ എണ്ണം പറഞ്ഞ സിനിമകളും എം.ടി മലയാളത്തിന് സമ്മാനിച്ചു.