ആര്‍.എല്‍.വി രാമകൃഷ്ണനെ അപമാനിച്ച കേസില്‍ നര്‍ത്തകി സത്യഭാമക്ക് ജാമ്യം. ഹൈക്കോടതി നിര്‍ദേശപ്രകാരം നെടുമങ്ങാട് കോടതിയില്‍ കീഴടങ്ങിയതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്. ആരെയും അവഹേളിച്ചിട്ടില്ലെന്ന് സത്യഭാമ അവകാശപ്പെട്ടപ്പോള്‍ അന്തിമവിധിയില്‍ സത്യഭാമ കുറ്റക്കാരിയെന്ന് തെളിയുമെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നതടക്കം ഉപാധികളോടെയാണ് ജാമ്യം. ജാമ്യം കിട്ടിയാലും കേസും നിയമനടപടിയും തുടരുമെന്ന് രാമകൃഷ്ണന്‍.
നൃത്തത്തിലുള്ള കഴിവിനെ നിറത്തോടും രൂപത്തോടും കൂട്ടിച്ചേര്‍ത്ത് നടത്തിയ അവഹേളനത്തിനെതിരെ കേസെടുത്ത് മൂന്ന് മാസമായിട്ടും നിയമനടപടിയില്‍ നിന്നൊഴിഞ്ഞ് മാറാനുള്ള ശ്രമത്തിലായിരുന്നു സത്യഭാമ. ഒടുവില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഇന്ന് രാവിലെ പട്ടികജാതി–വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള നെടുമങ്ങാട് പ്രത്യേക കോടതിയില്‍ കീഴടങ്ങിയത്.
മനപ്പൂര്‍വം അവഹേളിച്ചിട്ടില്ലെന്നും കറുത്തകുട്ടിയെന്ന് പറഞ്ഞാല്‍ അത് ജാതീയ അധിക്ഷേപമാവില്ലെന്നും വിവാദത്തോടെ ശിഷ്യമാരെല്ലാം നഷ്ടമായി ജീവിതം പ്രതിസന്ധിയിലായെന്നും സത്യഭാമയുെട അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പലതവണ അധിക്ഷേപം ആവര്‍ത്തിച്ചത് കുറ്റകൃത്യത്തില്‍ ഉറച്ച് നില്‍ക്കുന്നതിന്റെ തെളിവാണെന്ന് പ്രോസിക്യൂഷനും വാദിച്ചു. എന്നാല്‍ ജയിലിലടക്കുകയോ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയോ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയ കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം നല്‍കി വിചാരണയിലേക്ക് കടക്കുകയാണ് ഇനി പൊലീസ് ചെയ്യേണ്ടത്.