സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതില്‍ മുന്‍ ഡി.ജി.പി സിബി മാത്യൂസിനെതിരെ കേസെടുത്തു. ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് തിരുവനന്തപുരം മണ്ണന്തല പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സിബി മാത്യൂസിന്റെ സര്‍വീസ് സ്റ്റോറിയിലെ പരാമര്‍ശങ്ങളാണ് കേസിലേക്ക് നയിക്കുന്നത്. സൂര്യനെല്ലി പീഡനക്കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത് സിബി മാത്യൂസായിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം നിര്‍ഭയം എന്ന പേരില്‍ അദേഹമെഴുതിയ പുസ്തകത്തില്‍ സൂര്യനെല്ലി പീഡനക്കേസിനേക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ആ ഭാഗത്ത് അതിജീവിതയുടെ പേര് പറഞ്ഞിട്ടില്ലങ്കിലും തിരിച്ചറിയാനുള്ള മറ്റ് കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് പരാതി. സിബി മാത്യൂസിനൊപ്പം അന്വേഷണസംഘത്തിലുണ്ടായിരുന്ന കെ.കെ.ജോഷ്വയാണ് പരാതിക്കാരന്‍.
ആദ്യം പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കേണ്ടെന്നായിരുന്നു തിരുവനന്തപുരം കമ്മിഷ്ണറുടെ റിപ്പോര്‍ട്ട്. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസെടുക്കാന്‍ ഉത്തരവായത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിന് IPC 228 A എന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണങ്കിലും ജാമ്യം ലഭിക്കാവുന്ന വകുപ്പാണ്. അതിനാല്‍ അറസ്റ്റ് പോലുള്ള നടപടികള്‍ ഉടന്‍ ഉണ്ടാവില്ല. പരാതിക്കിടെയാക്കിയ പുസ്തകത്തിന്റെ ഉള്ളടക്കം പരിശോധിച്ച ശേഷം നടപടി തീരുമാനിക്കുമെന്നാണ് പൊലീസിന്റെ നിലപാട്.