school-admission

പുസ്തകങ്ങള്‍ ഇനി ഇവരുടെ കൂട്ടാളികളാകും. അധ്യാപകര്‍ വഴികാട്ടിയും. തിരിച്ചറിയല്‍ രേഖകളില്ലാത്തതിനാല്‍ സ്കൂള്‍ പ്രവേശനം നിഷേധിക്കപ്പെട്ട ആയിരത്തോളം ഇതര സംസ്ഥാനക്കാരായ കുട്ടികളോട് അവസാനം വിദ്യാഭ്യാസ വകുപ്പ് കനിവ് കാട്ടി. മനോരമ ന്യൂസ് ഇടപെടലാണ് ഈ കുഞ്ഞുങ്ങള്‍ക്ക് സ്കൂള്‍ പ്രവേശനം സാധ്യമാക്കിയത്.

സാക്ഷരകേരളത്തിലിരുന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കനവ് നെയ്തത് മക്കളുടെ നല്ലൊരു ഭാവി കൂടിയാണ്. കേരത്തിലെ പൊതുവിദ്യാലയങ്ങളില്‍ തങ്ങളുടെ മക്കള്‍ സുരക്ഷിതരായിരിക്കുമെന്ന ബോധ്യവും. വലിയ പ്രതീക്ഷളോടെ സ്കൂള്‍ പ്രവേശനത്തിന് പോയപ്പോള്‍ ആധാറില്ലാതെ പ്രവേശനം നല്‍കാനാകില്ലെന്ന് പറഞ്ഞ് സ്കൂള്‍ അധികൃതര്‍ ഇവരെ മടക്കി അയച്ചു. ആ തടസം നീക്കാനാണ് മനോരമ ന്യൂസ് ഇടപെട്ടതും അതിലൂടെ ഇപ്പോള്‍ പുതുവഴി തുറന്നതും. 

അസമിലും ബംഗാളിലും കഴിഞ്ഞ മണ്‍സൂണ്‍ കാലത്തുണ്ടായ പ്രളയത്തിലാണ് ഈ കുഞ്ഞുങ്ങളുടെ ജനനസര്‍ട്ടിഫിക്കറ്റ് അടക്കം നഷ്ടമാകാന്‍ കാരണമായതും. ഈ കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശനം നിഷേധിച്ച വാര്‍ത്തക്ക് പിറകെ ശക്തമായ ഇടപെടലുമായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും രംഗത്തെത്തിയിരുന്നു

ശാസ്ത്രീയ പരിശോധനയിലൂടെ വയസ് തെളിയിക്കുന്ന രേഖകള്‍ ലഭ്യമാക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സിഎംഐഡി അഭ്യര്‍ഥന.ബക്രീദ് കഴിയുന്നതോടെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഇനിയും കുട്ടികളെത്തും. ആറാമത്തെ പ്രവൃത്തിദിനം കഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടി അവരുടെ സ്കൂള്‍ പ്രവേശവും വിദ്യാഭ്യാസ വകുപ്പ് നിഷേധിക്കരുത്

ENGLISH SUMMARY:

Those who were denied school admission because they did not have their identity documents were removed