nikhil-thomas

ആലപ്പുഴ കായംകുളത്ത് കോളജ്  പ്രവേശനത്തിന് എസ്.എഫ്.ഐ നേതാവ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്  നിര്‍മിച്ച കേസില്‍   ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോഴും കുറ്റപത്രം കോടതിയില്‍ നല്‍കാതെ പൊലീസ്. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ആയിരുന്ന നിഖില്‍ തോമസ് അടക്കം കേസില്‍ എട്ട് പ്രതികളാണ് ഉള്ളത്. കായംകുളം എംഎസ്എം കോളജില്‍ ബികോം പഠിച്ചിരുന്ന നിഖില്‍  ഡിഗ്രി പാസാകാതെയാണ് കലിംഗ സര്‍വകലാശാലയുടെ  വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എംകോമിന് പ്രവേശനംനേടിയത്.

 

എസ്എഫ്ഐ കായംകുളം ഏരിയ സെക്രട്ടറിയായിരുന്ന നിഖില്‍ തോമസ് കായംകുളം എംഎസ്എം കോളേജില്‍ ബികോം പഠിച്ചത് 2018-2020 കാലഘട്ടത്തിലാണ്. ഡിഗ്രി തോറ്റ നിഖിൽ തോമസ് എംകോമിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കി പ്രവേശനം നേടിയെന്നതാണ് കേസ്.  പ്രവേശനത്തിനായി 2019 -2021 കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് നിഖിൽഹാജരാക്കിയത്.കലിംഗയൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ്  പണം നല്‍കി വാങ്ങി കോളജില്‍ നല്‍കുകയായിരുന്നു. മുന്‍ എസ്എഫ്ഐ നേതാവായിരുന്ന അബിന്‍ സി രാജിന്‍റെ സഹായത്തോടെയാണ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. ഒരാഴ്ചയ്ക്കുശേഷം നിഖിലിനെ അറസ്റ്റഅ ചെയ്തു. തുടര്‍ന്ന് മാലദ്വീപിലായിരുന്ന  രണ്ടാംപ്രതി അബിന്‍.സി.രാജിനെയും നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു.കേസില്‍ മലയാളികളും തമിഴ്നാട്ടുകാരുമടക്കം എട്ടോളം പ്രതികളെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. നിഖില്‍ തോമസ്  അടക്കമുള്ള പ്രതികള്‍ ജാമ്യത്തിലാണ്.ഒരുവര്‍ഷമായിട്ടും കേസില്‍ കുറ്റപത്രം നല്‍കിയിട്ടില്ല. 

അന്വേഷണം പൂര്‍ത്തിയായെന്നും കേസിലെ മുഴുവന്‍  പ്രതികളും പിടിയിലായെന്നുമാണ് പൊലീസ് പറയുന്നത്. കായംകുളം ഡിവൈഎസ്പി അജയ് നാഥിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം സൃഷ്ടിച്ചതാണ്  കായംകുളം വ്യാജഡിഗ്രി കേസ്.   വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കിയ നിഖിലിനെ ആദ്യം ന്യായീകരിച്ച  എസ്എഫ്ഐ നേതൃത്വവും സിപിഎം കായംകുളം ഏരിയ നേതൃത്വവും പ്രതിക്കൂട്ടിലായി. തുടര്‍ന്ന് നിഖിലിനെ എസ്.എഫ്.ഐയില്‍ നിന്നും സിപിഎമ്മില്‍ നിന്നും പുറത്താക്കി. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗമായ പെൺകുട്ടിയായിരുന്നു പാര്‍ട്ടിക്കും എസ്.എഫ്.ഐ നേതൃത്വത്തിനും പരാതി നല്‍കിയത്. കായംകുളം എം.എസ്.എം കോളേജിലെ കോഴ്സ് റദ്ദാക്കിയാണ് താൻ കലിംഗ യൂണിവേഴ്സിറ്റിയിൽ ബികോം പഠിക്കാൻ ചേർന്നതെന്നാണ് നിഖില്‍ തോമസ് പാര്‍ട്ടിക്കും എസ്എഫ്ഐയ്ക്കും നല്‍കിയ വിശദീകരണം. യഥാര്‍ഥ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ പാര്‍ട്ടിയും എസ്എഫ്ഐ  സംസ്ഥാന നേതൃത്വവും  ആവശ്യപ്പെട്ടിട്ടും നിഖിലിന് ഹാജരാക്കാനായില്ല. കണിച്ചുകുളങ്ങരയില്‍ എസ്എഫ്ഐ ജില്ലാ സമ്മേളനം നടക്കുമ്പോഴാണ് വ്യജഡിഗ്രികേസ് പുറത്തുവരുന്നത്.

ENGLISH SUMMARY:

Police did not issue chargesheet on SFI leader's fake degree certificate