കോയമ്പത്തൂര്‍ മധുക്കര ബൈപ്പാസ് ആക്രമണത്തിൽ ഒരാൾ കൂടി പിടിയിൽ. പാലക്കാട് അംബികാപുരം സ്വദേശി വിഷ്ണുവാണ് പിടിയിലായത്. പാലക്കാട് തമ്പടിച്ചിരിക്കുന്ന മധുക്കര പൊലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം അഞ്ചായി.
മലയാളി യുവാക്കൾക്കെതിരെ ഉണ്ടായ ആക്രമണത്തിൽ മധുക്കരയിൽ പോലീസ് മൂന്ന് പ്രത്യേക രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. എസ്.ഐ മുരളിയുടെ നേതൃത്വത്തിൽ പാലക്കാട് തമ്പടിച്ചിരിക്കുന്ന സംഘമാണ് ഒരാളെ പിടികൂടിയിരിക്കുന്നത്. അംബികാപുരം സ്വദേശി വിഷ്ണുവിനെ രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ അക്രമി സംഘത്തിൻറെ ഭാഗമായിരുന്നു. വൈകിട്ട് കോയമ്പത്തൂർ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
നിലവിൽ അറസ്റ്റിലുള്ള സൈനീകൻ ഉൾപ്പെടെയുള്ള നാലുപേരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ പിടികൂടിയത്. പ്രതികൾ പാലക്കാടിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടെന്ന് നിഗമനത്തിലാണ് മൂന്ന് പ്രത്യേക സംഘങ്ങളും പാലക്കാട് തന്നെ തമ്പടിച്ചിരിക്കുന്നത്. പ്രതികൾക്ക് കാർ വാടകയ്ക്ക് നൽകിയവരെയും ചോദ്യം ചെയ്തിരുന്നു. നിലവിൽ ഇതുവരെ 9 പ്രതികളെയാണ് പോലീസിന് തിരിച്ചറിയാൻ ആയിരിക്കുന്നത്. അതിനിടെ ആക്രമണത്തിനിരയായ യുവാക്കൾ കാർ തിരികെ ലഭിക്കാനുള്ള അപേക്ഷ നൽകി. എറണാകുളം റൂറൽ പോലീസ് കാർ ഉടമ അസ്സം സിദ്ദിഖിനൊപ്പമെത്തിയാണ് അപേക്ഷ നൽകിയത്.
കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് വാഹനം വേഗത്തിൽ വിട്ട് നൽകാൻ നടപടി ഉണ്ടാകുമെന്ന് മധുക്കരയിൽ പോലീസ് അറിയിച്ചു. അതേസമയം കേസുമായി ബന്ധപ്പെട്ട കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് പൊലീസ്. ആക്രമണത്തിൽ പങ്കില്ലെങ്കിലും, സംഘവുമായി ബന്ധമുള്ള മുമ്പ് ആക്രമണം നടത്തിയവരും അന്വേഷണ പരിധിയിലുണ്ടെന്ന് പൊലീസ് അറിയിച്ചു.