അപ്രതീക്ഷിതമായാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായി എത്തിയത്. വയനാടിനെ കുടുംബമായി കണ്ട രാഹുല്‍ കുടുംബാംഗത്തെ മണ്ഡലം ഏല്‍പിച്ചാണ് അപ്രതീക്ഷിതമായി മടങ്ങുന്നത്. വയനാട്ടിലേക്ക് ഇടയ്ക്കിടെ വരുമെന്ന പ്രഖ്യാപനത്തോടെ ബന്ധം പൂര്‍ണമായി ഒഴിയാതെയാണ് മടക്കം.
ഉത്തരേന്ത്യയേയും ദക്ഷിണേന്ത്യയെയും ഒന്നിപ്പിക്കുക എന്ന സന്ദേശം നല്‍കാനാണ് അമേഠിയിലെ സീറ്റിങ് എംപിയായ രാഹുല്‍ ഗാന്ധി വയനാട്ടില്‍കൂടി മല്‍സരിച്ചത്. അമേഠിയില്‍ ജയിച്ചാല്‍ വയനാട് ഒഴിയുമെന്ന പ്രചാരണം ശക്തമായിരുന്നിട്ടും വന്‍ ഭൂരിപക്ഷത്തില്‍ വയനാട്ടുകാര്‍ രാഹുലിനെ ജയിപ്പിച്ചു. അമേഠിയില്‍ പരാജയപ്പെട്ടതോടെ വയനാട്ടുകാരുടെ മാത്രം എംപിയായി രാഹുല്‍ മാറി. പ്രതിസന്ധിഘട്ടത്തിൽ സഹായിച്ച വയനാടിനെ രാഹുൽ കുടുംബമായി കണ്ടു.
മോദി പരാമർശത്തിന്റെ പേരിലുള്ള അപകീർത്തിക്കേസിൽ രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടപ്പെട്ടപ്പോഴും വയനാട്ടുകാര്‍ ഒപ്പംനിന്നു. വയനാട് തന്‍റെ രണ്ടാം വീടാണെന്നും അവിടേക്ക് ഇടയ്ക്കിടെ എത്താന്‍ കഴിയുന്നത് ഭാഗ്യമാണെന്നും രാഹുല്‍ പലപ്പോഴും പറഞ്ഞു. എംപി സ്ഥാനം തിരികെ ലഭിച്ചപ്പോഴും നന്ദി പറയാന്‍ രാഹുല്‍ ഒാടിയെത്തി. വയനാട് രണ്ടാം വീടാണെന്ന് പറഞ്ഞത് പൊള്ളയല്ലെന്ന് തെളിയിച്ചാണ് മണ്ഡലത്തോട് ബൈ പറയുന്നത്. സഹോദരി പ്രിയങ്കയെ മണ്ഡലം ഏല്‍പിച്ചതിലൂടെ വയനാട്ടുമായുള്ള ബന്ധം തുടരുമെന്ന ഉറപ്പും രാഹുല്‍ നല്‍കുന്നു.