konna

TOPICS COVERED

വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ക്ക് മുഖ്യ പങ്കുവഹിക്കുന്ന മഞ്ഞക്കൊന്നകൾ ഇന്ന് പതിയെ ചുരമിറങ്ങുകയാണ്. മുത്തങ്ങയടക്കം കാടുകൾക്കും വന്യജീവികൾക്കും ശാപമായ കൊന്ന വെട്ടി മാറ്റി വെള്ളൂർ പേപ്പർ പ്രൊഡക്ട് ലിമിറ്റഡിലേക്കാണ് കൊണ്ടു പോകുന്നത്.

 

അൻപതാണ്ട് മുമ്പ് സാമൂഹിക വനവൽകരണത്തിന്റെ ഭാഗമായാണ് മുത്തങ്ങയിൽ മഞ്ഞക്കൊന്ന വെച്ചു പിടിപ്പിച്ചത്. വളർന്നു വളർന്നു കൊന്ന കൂട്ടം മുത്തങ്ങയും സമീപ പ്രദേശങ്ങളുമാകെ കീഴടക്കി. കാടു നശിച്ചതോടെ വന്യ ജീവികളുടെ ആവാസവ്യവസ്ഥ തന്നെ തകർന്നു. ജനവാസ മേഖലയിലേക്ക് വന്യ ജീവികളെത്തുന്നതിൽ വലിയ പങ്കും കൊന്നക്കാണ്.

Also Read : വഴിമുടക്കി കാട്ടാനക്കൂട്ടം; വനത്തില്‍ കുടുങ്ങി ബസ് യാത്രക്കാര്‍

ഇന്ന് കൊന്നകൾ ചുരമിറങ്ങുകയാണ്. വെട്ടി കഷ്ണങ്ങളാക്കി കെ.പി.പി.എല്ലിന്റെ ഫാക്ടറിയിലേക്ക് മാറ്റി തുടങ്ങി. ഏറെ കാലത്തെ നിയമ പ്രതിഷേധ പൊരിനോടുവിലാണ് വെട്ടി തുടങ്ങിയത്. പേപ്പർ നിർമാണത്തിനുള്ള പാൾപ്പിനാണ് കൊന്ന ഉപയോഗിക്കുന്നത്. ഇതു വരെ 2000 ത്തോളം മെട്രിക് ടൺ കൊന്ന കൊണ്ടു പോയി.

ആദ്യം കൊന്നകാടുകളെ പ്രത്യേക മേഖലകളാക്കി തിരിക്കും. മരം മുറിച്ച ശേഷം തളിർത്തു വരാതിരിക്കാനാണ് തോലരിയുന്നതും പിന്നെ മണ്ണിട്ട് മൂടുന്നതും. വർഷങ്ങളോളം പരിചരിച്ചാൽ വിചാരിച്ച ഫലം കിട്ടുമെന്നാണ് ഉറപ്പ്.

വയനാട് വന്യ സങ്കേതത്തിലെ 35 ശതമാനത്തിലേറെ പ്രദേശത്ത് 123.86 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയിൽ മഞ്ഞക്കൊന്ന വ്യാപിച്ചിരിക്കുന്നെന്നാണ് കണക്ക്. ഇതിൽ 5000 മെട്രിക് ടൺ കൊന്ന മുറിച്ചു മാറ്റാനാണ് കെ.പി.പി.എല്ലിന് വനം വകുപ്പ് കരാർ നൽകിയത്. മെട്രിക് ടണിനു 350 രൂപ വീതം സർക്കാരിനു നൽകും. ഈ പണം ഉപയോഗിച്ച് സ്വാഭാവിക വനം വെച്ചു പിടിപ്പിക്കുമെന്നാണ് വനം വകുപ്പ് അറിയിച്ചത്. എന്നാൽ നിലവിൽ ശാസ്ത്രീയമായല്ല മരം മുറിക്കുന്നതെന്നും കൊന്ന ഇരട്ടിയായി വളരാൻ ഇടയാകുമെന്നുമാണ് പരസ്ഥിതി പ്രവർത്തകരുടെ ആരോപണം.

ENGLISH SUMMARY:

The yellow acacia trees, which play a major role in wildlife conflicts in Wayanad, are gradually being cleared today. These invasive trees, which have become a curse for forests and wildlife, are being cut down and transported to Velloor Paper Products Limited.