ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്ത് വൈദ്യുതി കെണിയിൽ നിന്നു ഷോക്കേറ്റ വീട്ടമ്മയ്ക്കു ദാരുണാന്ത്യം. അമ്പലവട്ടം പാലയ്ക്കത്തൊടിയിൽ പാറുക്കുട്ടിയാണ് മരിച്ചത്. അയൽവാസിയുടെ കോഴിഫാമിനു സമീപം ഒരുക്കിയ വൈദ്യുതി കെണിയിൽ തട്ടിയാണു ദുരന്തം.
നായ്ക്കളെയും കുറുക്കൻമാരെയും കാട്ടുപന്നികളെയും പ്രതിരോധിക്കാൻ ഒരുക്കിയ കെണിയില്‍ തട്ടിയുള്ള അപകടമെന്നാണ് പൊലീസ് പറയുന്നത്. രാവിലെ പാലുമായി പോയ പാറുക്കുട്ടി തിരിച്ചെത്താതിനെ തുടർന്നു നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.
രാവിലെ വീട്ടില്‍ നിന്നിറങ്ങിയാല്‍ പശുക്കൾക്ക് ആവശ്യമായ പുല്ലും അരിഞ്ഞാണ് ഇവർ തിരിച്ചെത്താറുള്ളതെന്നു ബന്ധുക്കൾ അറിയിച്ചു. ഇത്തരത്തിൽ പുല്ലുമായി മടങ്ങുമ്പോഴായിരുന്നു അപകടം. കോഴിഫാം ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും വകുപ്പിനു കീഴിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.