കാട്ടുപന്നി ശല്യത്തെ പ്രതിരോധിക്കാന്‍ വീടിന്‍റെ ടെറസില്‍ ഞാറ്റടി തയാറാക്കി കര്‍ഷകന്‍. പാലക്കാട് കപ്പൂർ കുമരനലൂർ സ്വദേശി അൽത്താഫിന്റെ ടെറസിന് മുകളിലെ കാഴ്ച പ്രതിരോധ വഴിതേടലാണ്.
മഞ്ഞണിഞ്ഞ് കിടക്കുന്ന പച്ചപ്പാർന്ന നെൽപാടങ്ങളാണെന്ന് കാഴ്ചയില്‍ തോന്നിയേക്കാം. യാഥാര്‍ഥ്യം അങ്ങനെയല്ല. ഞാറ് പാകും മുന്‍പ് ഞാറ്റടി തീര്‍ത്ത പച്ചപ്പ് ടെറസിന് മുകളിലായാലോ. അവിടെയാണ് സുരക്ഷാപാഠത്തിനൊപ്പം കരുതലൊരുക്കുന്ന മട്ടില്‍ ഞാറ്റടിക്ക് നാമ്പായത്. ഞാറ്റടിപ്പായ ടെറസിന് മുകളില്‍ തയാറാക്കിയതിന് പിന്നിലൊരു അനുഭവമുണ്ട്. വയലിൽ രണ്ടുതവണ വിത്തിറക്കിയെങ്കിലും പന്നിക്കൂട്ടം നശിപ്പിച്ച സാഹചര്യത്തിലാണ് ഒരുകൂട്ടം കർഷകർ പരീക്ഷണത്തിനു മുതിർന്നത്. ടെറസിന് മുകളിൽ ഷീറ്റ് വിരിച്ച് അതിൽ ചകിരിച്ചോർ നിരത്തിയാണ് വിത്ത് വിതച്ചത്.
പത്തേക്കര്‍ കൃഷിചെയ്യാനാണ് ലക്ഷ്യമിട്ടത്. കൃഷിഭവനിൽ നിന്നും ലഭിച്ച നെൽവിത്ത് മുളയ്ക്കാത്തതും മുളപൊട്ടിയവ കൂട്ടമായെത്തിയ പന്നികൾ നശിപ്പിച്ചതിനാലും മതിയായ ഞാറ് ലഭിക്കാത്തതിനാൽ കൃഷി നാല് ഏക്കറായി ചുരുക്കേണ്ടി വന്നതായും കർഷകർ. ടെറസിന് മുകളിലും, വീട്ടുമുറ്റത്തുമായി പായ് ഞാറ്റടി തയാറാക്കിയ കുമരനെല്ലൂരിലെ കർഷകർ കഴിഞ്ഞദിവസം യന്ത്രസഹായത്തോടെ നടീൽ നടത്തിയിരുന്നു. ഇനി പന്നി പ്രതിരോധത്തിനായി വേലികെട്ടി സംരക്ഷിക്കേണ്ട അധിക ചെലവും കർഷകർ കണ്ടെത്തണം.