Untitled design - 1

പ്രിയങ്ക ഗാന്ധി വയനാട്ടില്‍ കന്നിയങ്കത്തിനിറങ്ങുമ്പോള്‍ എതിരാളിയാരെന്നതാണ് ഇനി ഉയരുന്ന ചോദ്യം. ഇന്ത്യാ മുന്നണിയുടെ ഭാഗമാണെങ്കിലും വയനാട്ടില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് സി.പിഐ വ്യക്തമാക്കി കഴിഞ്ഞു. കുടംബാധിപത്യം എന്ന് ആക്ഷേപിക്കുമ്പോഴും ദക്ഷിണേന്ത്യയിലും ചുവടുറപ്പിക്കാനുള്ള നെഹ്റുകുടുംബത്തിന്റ നീക്കത്തെ ബി.ജെ.പിയും ഗൗരവത്തോടെയാണ് കാണുന്നത്. 

പ്രിയങ്കയെ നേരിടാന്‍ സ്മൃതി ഇറാനിയെ ബി ജെ പി കളത്തിലിറക്കുമോ, ആനി രാജ വീണ്ടും ഒരു വയനാടന്‍ പോരിന് തയാറാകുമോ..ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ ഇനിയും ബാക്കിയുണ്ട്. സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് സി.പി.െഎ വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യമുന്നണിയുടെ ഭാഗമായി നില്‍ക്കുകയും മുന്നണി മികച്ച നേട്ടമുണ്ടാക്കുകയും ചെയ്ത സാഹചര്യത്തില്‍ പരസ്പരം മല്‍സരിക്കുന്നതിനെ ബി ജെ പി ആയുധമാക്കിയേക്കാം. പക്ഷെ മല്‍സര രംഗത്ത് നിന്ന് മാറി നില്‍ക്കുന്നത് ബി ജെ പിക്ക് വളരാനുള്ള സാഹചര്യമൊരുക്കുമെന്നാണ് സി.പി.െഎയുടെ വിലയിരുത്തല്‍. പരമ്പരാഗതമായി യു.ഡി.എഫ് മണ്ഡലമായ വയനാട്ടില്‍ പ്രിയങ്കയുടെ വരവ് കൂടുതല്‍ ആവേശം സൃഷ്ടിക്കുമെന്ന് വ്യക്തമാണ്.3.64 ലക്ഷം വോട്ടിന്റ ഭൂരിപക്ഷത്തിനാണ് ഇക്കുറി രാഹുല്‍ഗാന്ധി ജയിച്ചത്. പ്രിയങ്കയെത്തുമ്പോള്‍ കഴിഞ്ഞതവണ രാഹുല്‍ നേടിയ 4.31 ലക്ഷത്തിന്റ റെക്കോര്‍‍ഡ് ഭൂരിപക്ഷം മറികടക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.ലോക്സഭ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സി പി എം  തെറ്റ് തിരുത്തലിന് തയാറെടുക്കുന്നുണ്ടെങ്കിലും വ‌യനാട് ഉപതിരഞ്ഞെടുപ്പില്‍ കാര്യമായ മാറ്റമൊന്നും സൃഷ്ടിക്കില്ലെന്നും സി.പി.െഎക്കറിയാം. ദക്ഷിണേന്ത്യയിലും നെഹ്റു കുടുംബം ചുവടുറപ്പിക്കുന്നത് ഇന്ത്യമുന്നണിക്ക് ഭാവിയില്‍ നേട്ടമുണ്ടാക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ദേശീയനേതാക്കളെ തന്നെ കളത്തിലിറക്കി പോരാടാനായിരിക്കും ബി ജെ പിയുടെ നീക്കം.തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയവും ജോര്‍ജ് കുര്യനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതുമെല്ലാം ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള വയനാട്ടില്‍ നേട്ടുമാകുമെന്ന് ബി ജെ പി നേതൃത്വം ചിന്തിക്കുന്നു. എന്തായാലും വയനാട് ഉപതിരഞ്ഞെടുപ്പ് ദേശീയതലത്തിലെ വനിതകള്‍ തമ്മിലുള്ള പോരായി മാറാനുള്ള സാധ്യത ഏറെയാണ്.  

ENGLISH SUMMARY:

Who is Priyanka Gandhi's opponent in Wayanad? Will BJP field Smriti Irani?