പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണമായത് രാസവസ്തുക്കളുടെ അമിത സാന്നിധ്യമെന്ന് റിപ്പോർട്ട്. അമോണിയയുടെയും സൾഫൈഡിന്റെയും അളവ് വലിയ തോതിൽ പെട്ടെന്ന് കൂടിയതാണ് മത്സ്യക്കുരുതിക്ക് കാരണമായത് എന്നാണ് കണ്ടെത്തൽ. ഫിഷറീസ് സർവകലാശാല സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
പെരിയാറിന്റെ കരയിലുള്ള വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് രാസമാലിന്യങ്ങൾ ഒഴുകിയതാവാം മത്സ്യകുരുതിക്ക് കാരണമെന്നാണ് റിപ്പോർട്ടിലെ സൂചനകൾ. രാസമാലിന്യങ്ങള്‍ കലർന്നിട്ടാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത് എന്നാണ് വെള്ളത്തിന്റെ സാമ്പിളിൽ നിന്നും കുഫോസ് കണ്ടെത്തിയിരുന്നത്. ഇത് തന്നെയാണ് മത്സ്യങ്ങളുടെ പരിശോധനയിലും വ്യക്തമായത്. മത്സ്യസാമ്പിളുകളിൽ ഘനലോഹങ്ങളുടെ അംശവും കണ്ടെത്തി. എന്നാൽ അവ മരണകാരമാകാൻ മാത്രം കണ്ടെത്തിയിട്ടില്ല എന്ന് കുഫോസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
പാതാളം ബണ്ട് തുറന്നതിനു പിന്നാലെ മാലിന്യങ്ങൾ താഴേക്ക് ഒഴുകുകയും ഇതുമൂലം ഓക്സിജൻ അളവ് പെട്ടെന്ന് കുറഞ്ഞതുമാണ് മത്സ്യക്കുരുതിക്ക് കാരണമായത് എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിലപാട്. മത്സ്യങ്ങൾ ചത്തുപൊങ്ങിയത് ഓക്സിജന്റെ അളവ് കുറഞ്ഞാന്നാണ് കുഫോസ് റിപ്പോർട്ടും പറയുന്നത്. എന്നാൽ എങ്ങനെയാണ് ഓക്സിജന്‍ അളവ് കുറഞ്ഞത് എന്ന കാര്യത്തിലാണ് രണ്ട് റിപ്പോർട്ടുകളും വ്യത്യസ്തമാകുന്നത്.