Image Credit; Facebook
പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ സംവിധായകന്‍ ഡോ. ബിജു രംഗത്ത്. സമിതിയുടെ രൂപീകരണത്തിൽ മറ്റു വൈദ്യ ശാസ്ത്രങ്ങളുടെ പ്രാതിനിധ്യത്തിൽ വലിയ തോതിലുള്ള അപാകതയുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ആയുർവേദ ഹോമിയോ വകുപ്പുകളിലെ ഡയറക്ടറോ, ഡെപ്യൂട്ടി ഡയറക്ടറോ, മറ്റ് ഉന്നത ഉദ്യോഗസ്ഥരോ ഒന്നും തന്നെ ഈ സമിതിയിൽ ഉൾപ്പെട്ടിട്ടില്ല. ആയുർവേദത്തെ പ്രതിനിധീകരിച്ച് സമിതിയിൽ ഉള്ളത് ഒരു മെഡിക്കൽ ഓഫീസർ മാത്രമാണ്. ഹോമിയോപ്പതിയെ സംബന്ധിച്ചാണെങ്കിൽ അതിലും വിചിത്രമാണ് കാര്യങ്ങള്‍. സർക്കാർ ഹോമിയോപ്പതി വകുപ്പിൽ നിന്നും ഉള്ള ഒരാളെ പോലും പ്രതിനിധി ആയി ഈ സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.
ഇത്തരം പ്രധാനപ്പെട്ട സമിതികളിൽ സർക്കാർ ആയുഷ് വകുപ്പിലെ അധികാരികൾക്ക് മാത്രം പ്രാതിനിധ്യം നൽകാതെ അംഗങ്ങളെ രാഷ്ട്രീയമായി നോമിനേറ്റ് ചെയ്യുന്നത് ശരിയായ ഒരു രീതി അല്ല. ആയുഷ് മേഖലയിൽ എല്ലാം രാഷ്ട്രീയവൽക്കരിക്കുന്നത് അപകടകരമായ ഒരു പ്രവണത ആണെന്നും ഡോ. ബിജു വ്യക്തമാക്കി.
ഡോ. ബിജുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കേരള പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങളും ആവശ്യങ്ങളും ഉൾപ്പെടുത്തി വ്യവസ്ഥ രൂപീകരിക്കാൻ സർക്കാർ ഒരു പ്രത്യേക സമിതിയെ നിയോഗിച്ചതായി വാർത്തകളിൽ നിന്നും അറിയുന്നു . തീർച്ചയായും വളരെ നല്ല ഒരു തീരുമാനം ആണ് .
പക്ഷെ ആ സമിതിയുടെ രൂപീകരണത്തിൽ മറ്റു വൈദ്യ ശാസ്ത്രങ്ങളുടെ പ്രാതിനിധ്യത്തിൽ വലിയ തോതിലുള്ള അപാകത ഉള്ളതായി കാണുന്നു . മോഡേൺ മെഡിസിന്റെ പ്രതിനിധികൾ ആയി ആരോഗ്യ വകുപ്പ് ഡയറക്ടർ , അഡീഷണൽ ഡയറക്ടർ , അസിസ്റ്റന്റ് ഡയറക്ടർ ( പബ്ലിക് ഹെൽത്ത് ) . എസ് എച് എസ് ആർ സി എക്സിക്യൂട്ടീവ് ഡയറക്ടർ , മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ മേധാവികൾ , അസിസ്റ്റന്റ് പ്രൊഫസർമാർ തുടങ്ങി ആരോഗ്യ വകുപ്പിലെ പ്രധാനപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ എല്ലാം തന്നെ ഈ സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട് . എന്നാൽ ആയുഷിന്റെ പ്രാതിനിധ്യം നോക്കൂ . ആയുർവേദ ഹോമിയോ വകുപ്പുകളിലെ ഡയറക്ടറോ , ഡെപ്യൂട്ടി ഡയറക്ടറോ മറ്റ് ഉന്നത ഉദ്യോഗസ്ഥരോ ഒന്നും തന്നെ ഈ സമിതിയിൽ ഉൾപ്പെട്ടിട്ടില്ല . ആയുർവേദത്തെ പ്രതിനിധീകരിച്ചു സമിതിയിൽ ഉള്ളത് ഒരു മെഡിക്കൽ ഓഫീസർ ആണ് . ഹോമിയോപ്പതിയെ സംബന്ധിച്ചാണെങ്കിൽ അതിലും വിചിത്രമാണ് . സർക്കാർ ഹോമിയോപ്പതി വകുപ്പിൽ നിന്നും ഉള്ള ഒരാളെ പോലും പ്രതിനിധി ആയി ഈ സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ല . ഈ നിയമവുമായി ബന്ധപ്പെട്ടു കൂടുതൽ ആശങ്കകൾ ഉള്ളത് ആയുഷ് വിഭാഗത്തിനാണ് എന്നിരിക്കെ ആരോഗ്യ വകുപ്പിലെ എല്ലാ ഉന്നത അധികാരികളും ഈ സമിതിയിൽ അംഗങ്ങൾ ആവുകയും ആയുർവേദ , ഹോമിയോ വിഭാഗങ്ങളിൽ നിന്നും ഒരു ഉന്നത അധികാരിയെ പോലും ഉൾപ്പെടുത്താതെ ഇത്തരം ഒരു സമിതി എങ്ങനെയാണ് രൂപീകരിക്കപ്പെട്ടത് . പൊതുജനാരോഗ്യ നിയമത്തിലെ ഇമ്പ്ലിമെന്റേഷനുമായി ബന്ധപ്പെട്ടുള്ള അപാകതകൾ പരിശോധിക്കുന്ന സമിതിയിൽ അത്തരം കാര്യങ്ങളിൽ ആയുഷ് മേഖലയിൽ പൊതുവായി ഉയർന്നു വരുന്ന നിരവധി അഭിപ്രായങ്ങൾ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും ക്രോഡീകരിച്ചു ഉചിതമായ അഭിപ്രായങ്ങളും റിപ്പോർട്ടും ആധികാരികമായി സമിതിക്ക് മുൻപിൽ അവതരിപ്പിക്കാൻ കഴിയുന്നത് ആയുർവേദ ഹോമിയോ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ആണ് .
ആയുഷ് വിഭാഗത്തിൽ നിന്ന് മാത്രം ഒരു ഉന്നത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്താതെ ഇങനെ ഒരു കമ്മിറ്റി രൂപീകരിക്കപ്പെട്ടത് എങ്ങനെയാണ് എന്നത് സംശയം ഉളവാക്കുന്നുണ്ട് . ഹോമിയോപ്പതി വകുപ്പിനെ പ്രതിനിധീകരിച്ചു ഒരാൾ പോലും ഈ കമ്മിറ്റിയിൽ ഇല്ല എന്നത് വലിയ അപാകത ആണ് . ആയുഷ് വകുപ്പുകളുമായി കൂടി ആലോചിക്കാതെ തികച്ചും രാഷ്ട്രീയ നിയമനങ്ങൾ എന്ന നിലയിൽ ആണ് ആയുഷിനെ പ്രതിനിധീകരിച്ചു ഡോക്ടർമാരെ ഉൾപ്പെടുത്തിയത് എന്നാണ് അനുമാനിക്കാവുന്നത് . എന്നാൽ ആരോഗ്യ വകുപ്പിൽ നിന്നും ഔദ്യോഗികമായ സ്ഥാനത്തുള്ള എല്ലാവരെയും ഉൾപ്പെടുത്തുകയും ചെയ്തു . ഇത്തരം പ്രധാനപ്പെട്ട സമിതികളിൽ സർക്കാർ ആയുഷ് വകുപ്പിലെ അധികാരികൾക്ക് മാത്രം പ്രാതിനിധ്യം നൽകാതെ അംഗങ്ങളെ രാഷ്ട്രീയമായി നോമിനേറ്റ് ചെയ്യുന്നത് ശരിയായ ഒരു രീതി അല്ല. ആയുഷ് മേഖലയിൽ എല്ലാം രാഷ്ട്രീയവൽക്കരിക്കുന്നത് അപകടകരമായ ഒരു പ്രവണത ആണ് . ഇതിനെതിരെ ആയുഷ് വിഭാഗത്തിൽ നിന്ന് തന്നെ പ്രതിഷേധം ഉയരേണ്ടതുണ്ട് . പൊതുജനാരോഗ്യ നിയമം മാറ്റം വരുത്താനുള്ള ഒരു ഉന്നതാധികാര സമിതിയിൽ സർക്കാർ ഹോമിയോപ്പതി വകുപ്പിൽ നിന്നും ഒരു ആളിന്റെ പോലും പ്രാതിനിധ്യം ഇല്ല എന്നത് വലിയ അപാകത ആണ് . ഈ നിയമത്തിലെ മാറ്റങ്ങളിൽ ഹോമിയോപ്പതി വിഭാഗത്തിന്റെ ആവശ്യങ്ങൾ ഔദ്യോഗികമായി അവതരിപ്പിക്കാൻ ഒരാൾ ഇല്ല എന്നത് അനുചിതമായ ഒന്നാണ്.