കാത്ത് ലാബിന്റെ പ്രവർത്തനം നിലച്ചതോടെ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലെ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങി. കാത്ത് ലാബിന്റെ ഫ്ലൂറോസ്കോപ്പിക് ട്യൂബ് തകരാറിലായതോടെയാണ് ശസ്ത്രക്രിയകൾ മുടങ്ങിയത്. 26 രോഗികളെ ഇന്നലെ ആശുപത്രിയിൽ നിന്ന് തിരിച്ചയച്ചു. പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.
ചികിത്സാ ചിലവ് താങ്ങാൻ ആകാത്ത സാധാരണക്കാരാണ് സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കുന്നത്. എന്നാൽ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് പറഞ്ഞയച്ച രോഗികളിൽ ചിലർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നു.
ആൻജിയോപ്ലാസ്റ്റി, ആൻജിയോഗ്രാം , പേസ്മേക്കർ ഘടിപ്പിക്കൽ തുടങ്ങിയവയാണ് കാത്ത് ലാബ് തകരാറിലായതോടെ നിലച്ചത്. ശസ്ത്രക്രിയയ്ക്ക് എത്താൻ മറ്റു തീയതികൾ നൽകിയാണ് പലരെയും പറഞ്ഞുവിട്ടത്. ആറുമാസത്തോളമായി രണ്ട് ഓപ്പറേഷൻ തിയേറ്ററുകൾ നവീകരണത്തിനായി അടച്ചിട്ടിരിക്കുന്നതിനാൽ ബൈപ്പാസ് സർജറിയും ആശുപത്രിയിൽ നടക്കുന്നില്ല
തകരാറിലായ ഫ്ലൂറോസ്കോപ്പിക്ക് ട്യൂബ് സിംഗപ്പൂരിൽ നിന്ന് എത്തിച്ചാൽ മാത്രമേ പ്രവർത്തനം തുടങ്ങാൻ കഴിയൂ. ഈ മാസം അവസാനത്തോടെ ഇത് എത്തുമെന്നും തൽക്കാലം നവീകരണം നടക്കുന്ന മറ്റൊരു കാത്ത് ലാബ് അടിയന്തരമായി നാളെ മുതൽ പ്രവർത്തിക്കുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.