മലപ്പുറം വൈലത്തൂരില്‍ ഓട്ടോമാറ്റിക് ഗേറ്റിനിടയില്‍ കുടുങ്ങി മരിച്ച ഒന്‍പതുവയസുകാരന്‍റെ മുത്തശിയും കുഴഞ്ഞുവീണു മരിച്ചു. പേരക്കുട്ടിയുടെ മരണ വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് പോയ ആസ്യയാണ് മരിച്ചത്. അന്‍പത്തിയൊന്ന് വയസായിരുന്നു. സമീപത്തെ വീടിന്‍റെ റിമാര്‍ട്ട് കണ്‍ട്രാള്‍ ഗേറ്റിനിടയില്‍ കുടുങ്ങിയാണ് ഒന്‍പത് വയസുകാരന്‍ സിനാന് ജീവന്‍ നഷ്ടമായത്.
ഇന്നലെ വൈകീട്ട് നാലിനാണ് ദുരന്തമുണ്ടായത്. നമസ്കാരത്തിന് പള്ളിയിലേക്ക് പോയ ഒന്‍പത് വയസുകാരന്‍ സിനാന്‍ അടുത്ത വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനിടയില്‍ പെടുകയായിരുന്നു. ഗേറ്റ് തനിയെ അടയുന്ന സ്വിച്ച് അമര്‍ത്തിയ ശേഷമാണ് സിനാന്‍ ഗേറ്റിന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചത്. ഇതിനിടെ അടഞ്ഞുവരുന്ന ഗേറ്റിനുള്ളില്‍ കുട്ടി അകപ്പെടുകയായിരുന്നു. ചെരിഞ്ഞുകയറാന്‍ ശ്രമിച്ചപ്പോള്‍ സെന്‍സറിങ് സംവിധാനം പ്രവര്‍ത്തിച്ചില്ലെന്നാണ് നിഗമനം. സംഭവം നടന്ന വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട്തന്നെ സിനാന്‍ ഗേറ്റിനിടയില്‍ അകപ്പെട്ടവിവരവും ആരുമറിഞ്ഞില്ല.
ഏറെ നേരത്തിന് ശേഷമാണ് ഗേറ്റിനിടയില്‍ കുടുങ്ങിയ നിലയില്‍ സിനാനെ അയല്‍വാസി കാണുന്നത്. ഉടന്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സിനാന്‍റെ മരണവിവരമറിഞ്ഞ് കുഞ്ഞിനെകാണാന്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സിനാന്‍റെ മുത്തശി ആസ്യയ്ക്ക് ദേഹാസ്വാസ്യം അനുഭവപ്പെടുന്നത്. ഉടന്‍ ആസ്യയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ നഷ്ടമായി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.