മൂന്നാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചിട്ടും മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. ക്ലാസുകള്‍ ഈ മാസം 24ന് തുടങ്ങാനിരിക്കെ 86,025 വിദ്യാര്‍ഥികളാണ് മലബാര്‍ ജില്ലകളില്‍ സീറ്റ് കിട്ടാതെ പുറത്ത് നില്‍ക്കുന്നത്. പത്താംക്ലാസ് പരീക്ഷയില്‍ 87 ശതമാനം മാര്‍ക്കു നേടിയ മലപ്പുറം വലിയങ്ങാടിയിലെ ദില്‍ഷ. സയന്‍സ് അല്ലെങ്കില്‍ കൊമേഴ്സില്‍ അഡ്മിഷന്‍ പ്രതീക്ഷിച്ച് 17 സ്കൂളുകളിലാണ് ഒാപ്ഷന്‍ നല്‍കിയത്. മൂന്ന് അലോട്ട്മെന്‍റുകള്‍ കഴിഞ്ഞപ്പോഴും ദില്‍ഷ പട്ടികയ്ക്കു പുറത്തുതന്നെ. ഇതുവരേയും അവസരം ലഭിക്കാതെ പോയ മലബാറില്‍ നിന്നുളള 86,025 വിദ്യാര്‍ഥികളില്‍ ഒരാള്‍ മാത്രമാണിവള്‍.

മലബാര്‍ ജില്ലകളില്‍ മാത്രം ആകെ 2,46,032 അപേക്ഷകരാണ് ആകെയുളളത്. എന്നാല്‍ ആകെ സീറ്റുകളുടെ എണ്ണം 1,60,037 ആണ്. ഇനി പുറത്തു നില്‍ക്കുന്ന പതിനായിരങ്ങള്‍ക്ക് ആകെ ശേഷിക്കുന്ന സീറ്റുകളുടെ എണ്ണം 1,332 ആണ്. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളെ ആശ്രയിച്ചാല്‍ പോലും മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്ന് സര്‍ക്കാരിന്‍റെ തന്നെ കൈവശമുളള കണക്കുകളില്‍ നിന്ന് വ്യക്തം. വിദ്യാഭ്യാസ മേഖലയില്‍ അനന്തസാധ്യതകളാണ് കേരളം മുന്നോട്ട്‌വയ്ക്കുന്നതെന്ന് സര്‍ക്കാര്‍ പറയുമ്പോഴും വര്‍ഷാ വര്‍ഷം കേള്‍ക്കുന്ന പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണാനാകാത്തത് സര്‍ക്കാരിന്‍റെ കഴുവുകേട് തന്നെയാണ്.

ENGLISH SUMMARY:

The plus one seat crisis in Malabar persists as classes approach, leaving 86,025 students without seats despite three allotment phases.