ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണ കൗണ്ടറില്‍ നിന്നും വാങ്ങിയ ഉഴുന്നുവട പ്ലേറ്റില്‍ ചത്ത തവളയെ കണ്ടെത്തിയെന്ന് പരാതി. കൊച്ചുവേളി– ചണ്ഡീഗഡ് എക്സ്പ്രസിലെ യാത്രക്കാരനായ ഷൊര്‍ണൂര്‍ സ്വദേശിക്കാണ് വടയും ചട്നിയും വാങ്ങിയപ്പോള്‍ തവളയെ കിട്ടിയത്.
ചട്നിയിലാണ് ചത്ത തവള ഉണ്ടായിരുന്നാണ് പ്രാഥമിക വിലയിരുത്തല്‍. യാത്രക്കാരന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കച്ചവടം നടത്തുന്നുവെന്ന പരാതികള്‍ നേരത്തേ ഉയര്‍ന്നിരുന്നു. സംഭവം വിശദമായി അന്വേഷിക്കുമെന്നും കൃത്യമായ പരിശോധന നടത്തുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നേരത്തെ വന്ദേഭാരത് എക്സ്പ്രസിൽ വിളമ്പിയ ഭക്ഷണത്തിൽ പാറ്റയെ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐആർസിടിസി) യാത്രക്കാരനോട് ക്ഷമാപണം നടത്തിയിരുന്നു. ഭോപ്പാൽ– ആഗ്ര വന്ദേഭാരത് എക്സ്പ്രസിലെ യാത്രയ്ക്കിടെ ദമ്പതികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ നിന്നായിരുന്നു പാറ്റയെ ലഭിച്ചത്.