വായ്പ തിരിച്ചടവ് മുടങ്ങിയതോടെ എറണാകുളം വടക്കന്‍ പറവൂരില്‍ ജപ്തി ഭീഷണിയില്‍ കര്‍ഷകന്‍. കുന്നുകര സ്വദേശി സമദിനാണ് കൃഷിനാശം മൂലം സാമ്പത്തിക പ്രതിസന്ധിയുണ്ടായത്. കിടപ്പാടം നഷ്ടമാകാതിരിക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ ഇത്തവണ കൃഷി ചെയ്ത വാഴകളത്രയും, ഒടിഞ്ഞു വീഴുകയാണ്.
ജപ്തി ഭീഷണി നേരിടുന്ന കര്‍ഷകന്‍റെ ഒടുവിലത്തെ പ്രതീക്ഷയാണ് ഈ നിലംപൊത്തി കിടക്കുന്ന വാഴക്കുലകള്‍. എറണാകുളം വടക്കന്‍ പറവൂര്‍ കുന്നുകര പഞ്ചായത്തിലെ മികച്ച കര്‍ഷകനായി തിരഞ്ഞെടുത്തിട്ടുള്ള പൊക്കത്ത് വീട്ടില്‍ സമദിന്‍റെതാണ് ഈ കൃഷിയത്രയും. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷി ആവശ്യത്തിനായി എടുത്ത വായ്പ തിരിച്ചടവ് മുടങ്ങി. തുടര്‍ച്ചയായി ഉണ്ടായ കൃഷി നാശവും ഭാര്യയുടെ ക്യാന്‍സര്‍ ചികിത്സാ ചിലവും സാമ്പത്തികമായി കൂടുതല്‍ തളര്‍ത്തി. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ജപ്തി നടപടി ആരംഭിച്ചു.
കിടപ്പാടം നഷ്ടമാകാതിരിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ഇത്തവണ 1,500 ഓളം വാഴകള്‍ കൃഷി ചെയ്തത്. വിളവെടുക്കാന്‍ രണ്ട്മാസം ബാക്കി നില്‍ക്കെ വേനല്‍ മഴ സമദിന്‍റെ പ്രതീക്ഷകളെ തകിടം മറിച്ചു. വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ വാഴകള്‍ പഴുപ്പ് ബാധിച്ച് ഒടിഞ്ഞു വീഴുകയാണ്. 450 ഓളം വാഴകള്‍ നിലംപൊത്തി. നോക്കി നില്‍ക്കെയാണ് വാഴകള്‍ ഒടിഞ്ഞു വീഴുന്നത്. അങ്കമാലി- മാഞ്ഞാലി തോട്ടില്‍ നിന്നും വെള്ളം ഒഴുക്കി കളയാത്തതാണ് കൃഷിനാശത്തിന് കാരണമെന്നാണ് ആരോപണം.