ലൈഫ് പദ്ധതി പ്രകാരം ഫണ്ട് അനുവദിച്ചിട്ടും, മുടന്തന്‍ ന്യായീകരണങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വീടിന് നിര്‍മാണ അനുമതി നിഷേധിച്ച കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ബാബുരാജിനും കുടുംബത്തിനും വീടാകുന്നു. കേന്ദ്രമന്ത്രി സുരേഷ്ഗോപിയും സേവാഭാരതിയും ചേര്‍ന്നാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് ബാബുരാജിന് വീടൊരുങ്ങുന്നത്.
അടച്ചുറപ്പില്ലാത്ത വീട്ടില്‍ രണ്ടുപെണ്‍മക്കളുമായി എങ്ങനെ കഴിയുമെന്ന ആശങ്കയിലായിരുന്നു ഷൈനിയും ഭര്‍ത്താവ് ബാബുരാജും ഇതുവരെ. ഇവരുടെ ബുദ്ധിമുട്ട് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫിസില്‍ നിന്ന് ബാബുരാജിെനത്തേടി ഫോണ്‍വിളിയെത്തിയത്
ടാര്‍പ്പാളിന്‍ വലിച്ചുകെട്ടിയ, ബോര്‍ഡുകള്‍ കൊണ്ട് വശങ്ങള്‍ മറച്ച ചോര്‍ന്നൊലിക്കുന്ന ഒറ്റ മുറി വീട്ടിലാണ് ഇവരുടെ ജീവിതം. ലൈഫ് പദ്ധതിയില്‍ വീടിന് തുക അനുവദിച്ചെങ്കിലും സ്ഥലത്തിന്റ രൂപരേഖയില്‍ 82 മീറ്റര്‍ ദൂരത്തില്‍ പുഴയുണ്ടെന്ന് പറഞ്ഞ് നിര്‍മാണ അനുമതി നിഷേധിച്ചു. അളന്നതില്‍ അപാകത ഉണ്ടെന്ന് പറഞ്ഞ് ആറുവര്‍ഷത്തിനിടെ പല തവണ ഉദ്യോഗസ്ഥരെ കണ്ടെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.ഭൂമി സംബന്ധിച്ച സാങ്കേതിക തടസങ്ങളുണ്ടെങ്കില്‍ അതും പരിഹരിച്ചിട്ടാകും വീട് നിര്‍മാണം.