FoodSafety

TOPICS COVERED

പരിശോധനകള്‍ കര്‍ശനമാക്കിയിട്ടും കൊച്ചിയില്‍ പഴകിയ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളുടെ എണ്ണം കൂടുന്നു. രണ്ടുമാസത്തിനിടെ, ഭക്ഷ്യസുരക്ഷാ വകുപ്പ് പിഴയായി ഈടാക്കിയത് മൂന്നുലക്ഷത്തിലധികം രൂപ. മഴക്കാലത്തും തുടര്‍ച്ചയായ പരിശോധനകള്‍ നടത്താനാണ് തീരുമാനം.

 

ഏപ്രില്‍. മെയ് മാസങ്ങളില്‍ മാത്രം ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളിലാണ് ഇത്രയധികം നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. നഗരത്തിലെ ഹോട്ടലുകള്‍, ബേക്കറികള്‍, പലചരക്ക് കടകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 1228 ഹോട്ടലുകള്‍ പരിശോധിച്ചു. പഴകിയ ഭക്ഷണമുള്‍പ്പെടെ പിടികൂടിയ ഹോട്ടലുകള്‍ക്ക് പിഴ ചുമത്തി. ആകെ 3,61,500 രൂപയാണ് ഈ കാലയളവില്‍ പിഴ ചുമത്തിയത്. നിയമലംഘനം കണ്ടെത്തിയ 10 ഹോട്ടലുകള്‍ പൂട്ടിച്ചു്. 284 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. 

100 കിലോ പഴകിയ മല്‍സ്യവും പിടികൂടി നശിപ്പിച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത മീന്‍ വില്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ 27,500 രൂപ പിഴ ചുമത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ സമ്മര്‍ സ്ക്വാഡാണ് കൂടുതല്‍ പരിശോധനകളും നടത്തിയത്. മഞ്ഞപ്പിത്തം ജില്ലയില്‍ പടരുന്ന സാഹചര്യത്തില്‍ ഓപ്പറേഷന്‍ മണ്‍സൂണ്‍–ഹെപ്പറ്റൈറ്റിസ് എ എന്നിവ പേരില്‍ എപ്രില്‍–മെയ് മാസങ്ങളില്‍ 585 കടകളില്‍ പരിശോധനകള്‍ നടത്തി. 164 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. പഴകിയ എണ്ണ ഉപയോഗിച്ച് ഭക്ഷണമുണ്ടാക്കിയ ഭക്ഷണശാലകള്‍ക്കെതിരെയും നടപടിയെടുത്തു. ട്രോളിങ്ങ് നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ മീന്‍ കടകളില്‍ തുടര്‍ച്ചയായ പരിശോധന നടത്താനാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ തീരുമാനം.

ENGLISH SUMMARY:

Food safety authorities to intensify checking in hotels in Kochi