brestfeedinghc

TOPICS COVERED

മുലയൂട്ടുക എന്നത് അമ്മയുടെ മൗലികാവകാശത്തിന്‍റെ ഭാഗമെന്നും അത് നിഷേധിക്കാനാകില്ലെന്നും ഹൈക്കോടതി. ഒരു വയസ്സും നാലുമാസവും പ്രായമുള്ള കുഞ്ഞിനെ പിതാവിന് കൈമാറാൻ ഉത്തരവിട്ട ഇടുക്കി ശിശുക്ഷേമ സമിതിയുടെ ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ധാർമികമായല്ല നിയമപരമായി വേണം ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാനെന്നും ഉത്തരവിലുണ്ട്.

 

ഭർത്താവല്ലാതെ മറ്റൊരാളുടെ കൂടെയാണ് കുട്ടിയുടെ മാതാവ് ജീവിക്കുന്നത് എന്നത് ശിശുക്ഷേമസമിതി പരിഗണിക്കേണ്ട കാര്യമല്ല എന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്. മുലയൂട്ടുക എന്നത് അമ്മയുടെയും മൂലയൂട്ടപ്പെടുകയെന്നത് കുഞ്ഞിന്‍റെയും മൗലികാവകാശത്തിന്‍റെ ഭാഗമാണ്. അത് നിഷേധിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഒരു വയസ്സും നാലുമാസവും പ്രായമുള്ള കുഞ്ഞിനെയാണ് പിതാവിന് കൈമാറാൻ ഇടുക്കി ശിശുക്ഷേമ സമിതി ഉത്തരവിട്ടത്. അമ്മ നൽകുന്ന കരുതലും സ്നേഹവും സാന്ത്വനവും കുഞ്ഞിന് ഒരുമാസമായി നഷ്ടമായിരിക്കുകയാണെന്നും, ഇക്കാര്യങ്ങൾ പരിഗണിക്കുന്നതിൽ ശിശുക്ഷേമ സമിതി പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു. ധാർമിക തീരുമാനങ്ങൾ ഇത്തരം സ്വഭാവമുള്ള കേസുകളിൽ അന്വേഷണത്തിന്റെ ലക്ഷ്യത്തെ തന്നെ തോൽപ്പിക്കും. കുട്ടിയുടെ താൽപര്യം മാത്രമായിരിക്കണം ലക്ഷ്യമെന്നും സമിതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് കോടതി ഓർമിപ്പിച്ചു.

2019 ൽ വിവാഹിതയായ യുവതിക്ക് കഴിഞ്ഞ വർഷമാണ് കുട്ടിയുണ്ടായത്. ഇതിന്ശേഷം ഭർത്താവിൽ നിന്ന് അകന്ന് ഇവർ ഭർത്താവിന്റെ അമ്മയുടെ രണ്ടാം ഭർത്താവിനോടൊപ്പം താമസം തുടങ്ങി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭർത്താവ് നൽകിയ പരാതിയിലാണ് കുട്ടിയെ പിതാവിനൊപ്പം വിടാൻ ശിശുക്ഷേമ സമിതി ഉത്തരവിട്ടത്. മാതാവിനൊപ്പം വിടുന്നതു സുരക്ഷിതമല്ലെന്നായിരുന്നു സമിതിയുടെ അഭിപ്രായം. തുടർന്നാണു കുട്ടിയെ വിട്ടുനൽകണമെന്നാവശ്യപ്പെട്ടു യുവതി ഹൈക്കോടതിയെ സമീപിച്ചത്. 

ENGLISH SUMMARY:

The High Court ruled that breastfeeding is an essential aspect of a mother's fundamental rights, which cannot be denied under any circumstances. This landmark decision underscores the significance of a mother's right to nurture her child freely and without restriction.