rain

വടക്കന്‍ കേരളത്തിലും ശക്തമായ മഴയും നാശനഷ്ടങ്ങളും. മലപ്പുറത്തും കണ്ണൂരും മരങ്ങള്‍ കടപുഴകി വീണു. കുറ്റ്യാടി ചുരത്തില്‍ രണ്ടിടത്ത് മണ്ണിടിഞ്ഞു. രാത്രിയിലുണ്ടായ മഴയെ തുടര്‍ന്നാണ് കനത്തനാശം. എന്നാല്‍ പകല്‍ മഴ ശക്തമല്ല.

 

പയ്യന്നൂര്‍ കാനായില്‍ വീശിയടിച്ചത് കൊടുങ്കാറ്റ്. മരങ്ങള്‍ നിരവധി ഒടിഞ്ഞുവീണു. പലരുടെയും കൃഷിയും നശിച്ചു.  മരങ്ങള്‍ വീണ് നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വൈദ്യുതി ലൈനുകളും പൊട്ടിവീണു. കുറ്റ്യാടി ചുരത്തില്‍ മൂന്നാം വളവിലും, പത്ത് പതിനൊന്ന് വളവുകള്‍ക്കിടയിലുമാണ് മണ്ണിടിഞ്ഞത്. റോഡില്‍ വെള്ളക്കെട്ടുമുണ്ടായി. തലശേരി തലായില്‍ പുന്നോല്‍ മാക്കൂട്ടത്തെ ഭാസ്കരന്‍റെ കിണര്‍ മൂന്ന് മീറ്ററോളം ഇടിഞ്ഞുതാഴ്ന്നു. ചെറുപുഴയില്‍ ഈട്ടിക്കല്‍ രാജന്‍റെ ചുറ്റുമതില്‍ അയല്‍വീട്ടിലേക്കും പൊളിഞ്ഞുവീണു. 

കോഴിക്കോട്ടെ  കക്കയം ഹൈ‍ഡ‍ല്‍ ടൂറിസം സെന്‍ററും ഇക്കോ ടൂറിസം സെന്‍ററും ഇനിയൊരറിയിപ്പുണ്ടാകും വരെ അടച്ചു. അതിനിടെ തൊട്ടില്‍പാലം പുഴയില്‍ മലവെള്ളപ്പാച്ചില്‍. മലപ്പുറത്ത് എടവണ്ണ–നിലമ്പൂര്‍ റോഡിലാണ് മരം കടപുഴകി ഗതാഗതം തടസപ്പെട്ടത്. പിന്നീട് മുറിച്ചുമാറ്റി. കണ്ണൂര്‍–കര്‍ണാടക അതിര്‍ത്തിയിലെ വനത്തില്‍ നിന്നുള്ള മലവെള്ളപ്പാച്ചിലില്‍ വയത്തൂര്‍ പാലത്തിലും വെള്ളം കയറി.

ENGLISH SUMMARY:

Heavy rain damage in the state