സംസ്ഥാനത്ത് കാലവർഷം ശക്തമായി. വരുന്ന മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത ഉള്ളതായി റവന്യൂ മന്ത്രി പറഞ്ഞു. മഴ ശക്തമായതിനാൽ സംസ്ഥാനത്ത് ഏട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ കാലവർഷത്തിലെ ഏറ്റവും ശക്തമായ മഴയാണ് ഇക്കഴിഞ്ഞ 24 മണിക്കൂറിൽ പെയ്തിറങ്ങിയത്. കോട്ടയം ജില്ലയിലെ  കിടങ്ങൂരിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ വരുന്ന 3 ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മലയോരമേഖലകളിൽ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തുമെന്നും 9 ജില്ലകളിൽ എൻഡിആർഎഫിനെ വിന്യസിച്ചതായും മഴക്കെടുത്തി അവലോകനം യോഗത്തിന് ശേഷം റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. 

കനത്തമഴയെത്തുടര്‍ന്ന്  ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ചു . പത്തനംതിട്ടയിലെ മലയോര മേഖലയിലും രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി . ക്വാറി പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനമുണ്ട്.  മലയോര മേഖലയില്‍ കുഴിയെടുക്കല്‍ പോലുള്ള ജോലികളും കുട്ടവഞ്ചി സവാരി അടക്കമുളളവയും നിരോധിച്ചു.  വയനാട് ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ  വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും  പ്രവേശനം നിരോധിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളായ  പൊന്മുടിയിലേക്കും ഗവിയിലേക്കുമുള്ള യാത്രയ്ക്കും നിരോധനമുണ്ട്.   

തിരുവനന്തപുരത്ത് കനത്ത മഴയിൽ രണ്ടിടങ്ങളിൽ വീടുകൾ തകർന്നു. കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് വ്യാപകമായ നാഷനഷ്ടമാണ് ഉണ്ടായത്. മഴവെള്ള പാച്ചിൽ കണക്കിലെടുത്ത് ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടത്തിലേക്ക് വിനോദ സഞ്ചാരികൾക്ക് വിലക്കെർപ്പെടുത്തി. പമ്പ, മണിമല, അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പുയർന്നു. അതേസമയം വീടുകളിലേക്കോ കൃഷിയിടങ്ങളിലേക്കോ വെള്ളം കയറിയിട്ടില്ല. മഴ ശക്തമായി തുടരുകയാണെങ്കിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാകും. പത്തനംതിട്ട അരയാഞ്ഞിലിമൺ കോസ് വേ വെള്ളത്തിലായി. കുറുമ്പൻമൂഴി പാലവും മുങ്ങിക്കിടക്കുകയാണ്. ഗ്രാമീണ പ്രദേശങ്ങളിൽ റോഡുകളും പാലങ്ങളും വെള്ളത്തിലായത് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 

മധ്യകേരളത്തിലും ദുരിതപ്പെയ്ത്ത് തുടരുകയാണ്. ‌ആലപ്പുഴ പാതിരപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. കേബിള്‍ ടിവി ടെക്നീഷ്യന്‍ പ്രതീഷാണ് മരിച്ചത്. ആലപ്പുഴ കാക്കാഴത്ത് ശക്തമായ കാറ്റിൽ വീടിന്‍റെ മേൽക്കൂര തകർന്നു നാലു വയസുള്ള കുട്ടിയുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ജലനിരപ്പുയർന്നതോടെ ഇടുക്കി മലങ്കര, പാംബ്ലാ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി. പെരിയാർ, തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി തിങ്കൾക്കാട് നഗറിന് സമീപം രാജാക്കാട് മൈലാടുംപാറ റൂട്ടില്‍  മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മൂന്നാറിൽ ശക്തമായ മഴ തുടരുകയാണ്. 21 പേരെ മാറ്റി ദുരിതാശ്വാസ ക്യാംപിലേക്ക്. കോട്ടയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.

തൃശ്ശൂർ ചാവക്കാടും കടലാക്രമണം രൂക്ഷമാണ്. അതിരപ്പിള്ളിയിൽ റോഡിലേയ്ക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. എറണാകുളത്ത് തീരമേഖലയിൽ ദുരിതം തുടരുന്നു. കണ്ണമാലിയിലും, നായരമ്പലത്തും വീടുകളിൽ വെള്ളം നിറഞ്ഞു. കോതമംഗലത്ത് മണികണ്ഠൻചാൽ ചപ്പാത്തിൽ ജലനിരപ്പ് ഉയർന്നതോടെ മണികണ്ഠൻചാൽ, വെള്ളാരം കുത്ത്, ഉറിയംപെട്ടി എന്നിവിടങ്ങൾ ഒറ്റപ്പെട്ടു. 

വടക്കന്‍ കേരളത്തില്‍ മലപ്പുറത്തും കണ്ണൂരും മരങ്ങള്‍ കടപുഴകി വീണു. കുറ്റ്യാടി ചുരത്തില്‍ രണ്ടിടത്ത് മണ്ണിടിഞ്ഞു. രാത്രിയിലുണ്ടായ മഴയെ തുടര്‍ന്നാണ് കനത്തനാശം. പൊന്നാനി വെളിയങ്കോടും പാലപ്പെട്ടിയിലും കടലാക്രമണത്തില്‍ 50 വീടുകളില്‍ വെള്ളം കയറി. കടലാക്രമണ ഭീഷണിയെത്തുടര്‍ന്ന് 30 കുടുംബങ്ങള്‍ താമസം മാറി. കോഴിക്കോട്ടെ കക്കയം ഹൈ‍ഡ‍ല്‍ ടൂറിസം സെന്‍ററും ഇക്കോ ടൂറിസം സെന്‍ററും ഇനിയൊരറിയിപ്പുണ്ടാകും വരെ അടച്ചു. അതിനിടെ തൊട്ടില്‍പാലം പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. 

ENGLISH SUMMARY:

State received the highest rainfall of this season, last twenty-four hours, says Revenue Minister K Rajan.