holiday-school2-8

കനത്ത മഴയെ തുടര്‍ന്ന് പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അതേസമയം, നേരത്തെ തീരുമാനിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും മാറ്റമില്ല. ചേർത്തല താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും നാളെ അവധിയായിരിക്കും. ദുരിതാശ്വാസക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി. കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. 

അതേസമയം സംസ്ഥാനത്ത് കാലവർഷം ശക്തമായി. വരുന്ന മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത ഉള്ളതായി റവന്യൂ മന്ത്രി പറഞ്ഞു. മഴ ശക്തമായതിനാൽ സംസ്ഥാനത്ത് ഏട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ വരുന്ന മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മലയോരമേഖലകളിൽ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തുമെന്നും 9 ജില്ലകളിൽ എൻഡിആർഎഫിനെ വിന്യസിച്ചതായും മഴക്കെടുത്തി അവലോകനം യോഗത്തിന് ശേഷം റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.

ENGLISH SUMMARY:

Due to heavy rains, educational institutes in Pathanamthitta and Wayanad districts have been declared holiday tomorrow.