മലപ്പുറം കൊണ്ടോട്ടിയിൽ നിറത്തിന്‍റെ പേരിൽ ഭർതൃവീട്ടിൽ നിന്ന് അവഹേളനം നേരിട്ട 19 കാരിയായ നവവധു ആത്മഹത്യ ചെയ്തു. കൊണ്ടോട്ടി സ്വദേശി ഷഹാന മുംതാസാണ് മരിച്ചത്. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുൽ വാഹിദിനും കുടുംബത്തിനുമെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി.
സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഷഹാനയെ കണ്ടെത്തിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ഷഹാനയെന്ന് ബന്ധുക്കള്‍ പറഞ്ഞു. കറുപ്പ് നിറമാണെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞ് വിവാഹബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് ഭര്‍ത്താവ് അബ്ദുല്‍ വാഹിദ് അവഹേളിച്ചതാണ് ഷഹാനക്ക് വേദനയായത്.
Read Also: ‘ഇംഗ്ലിഷ് അറിയില്ല, നിറവുമില്ല’; ഗള്‍ഫിലെത്തിയ വാഹിദ് ഫോണിലൂടെയും വേദനിപ്പിച്ചു
2024 മെയ് 27 ആയിരുന്നു മൊറയൂർ സ്വദേശി അബ്ദുൽ വാഹിദുമായുളള നിക്കാഹ്. 20 ദിവസം ഒന്നിച്ചു കഴിഞ്ഞ ശേഷം വിദേശത്ത് ജോലി ചെയ്യുന്ന അബ്ദുൽ വാഹിദ് ഗൾഫിലേക്ക് മടങ്ങി. പിന്നീടാണ് അബ്ദുൽ വാഹിദിന്‍റെ പെരുമാറ്റത്തിൽ അകല്‍ച്ചയും അനിഷ്ടവും പ്രകടമായത്. ബിരുദ വിദ്യാർഥിയായ ഷഹാനയുടെ പഠനനിലവാരം പിന്നോട്ടു പോയപ്പോഴാണ് സുഹൃത്തുക്കളും അധ്യാപകരും വിവരം തിരക്കുന്നത്. തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ സുഹൃത്തുക്കളുമായി പങ്കുവച്ചു. സുഹൃത്തുക്കളാണ് കുടുംബത്തെ വിവരം അറിയിച്ചത്.
അബ്ദുൽ വാഹിദിനും കുടുംബത്തിനും എതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.