പൊലീസില്‍ ആത്മഹത്യയും സ്വയം വിരമിക്കലും വര്‍ധിക്കുമ്പോഴും പരിഹാരമാര്‍ഗം പഠിച്ച് തീരാതെ ആഭ്യന്തരവകുപ്പ്. പൊലീസുകാര്‍ നേരിടുന്ന പ്രശ്നം പഠിക്കാന്‍ ജില്ലാതലത്തില്‍ കമ്മിറ്റികള്‍ രൂപീകരിക്കാനാണ് പുതിയ തീരുമാനം. പ്രശ്ന പരിഹാരത്തിനായി എട്ട് മാസം മുന്‍പ് ഡി.ജി.പി പ്രഖ്യാപിച്ച നടപടികളില്‍ ഒന്നുപോലും നടപ്പാക്കാതെയാണ് അടുത്ത പഠനം. 

കാക്കിപ്പടയുടെ കരുത്ത് ചോര്‍ന്ന് കണ്ണീര്‍പ്പടയായെന്ന മുറവിളിക്ക്  വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പിണറായി സര്‍ക്കാരിന്റെ കാലത്ത് മാത്രം ജീവനൊടുക്കിയ പൊലീസുകാരുടെ എണ്ണം ആ മുറവിളിയുടെ ഗൗരവം പറഞ്ഞ് തരും. ഇന്നലെ തൂക്കുകയറില്‍ ജീവിതം അവസാനിപ്പിച്ച പൂന്തുറയിലെ മദനകുമാറടക്കം 82 പേരാണ് അഞ്ചര വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത്. ജീവനൊടുക്കാതെ, പാതിവഴിയില്‍ ജോലി ഉപേക്ഷിച്ചവര്‍ 64 പേരും. 

ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാനുള്ള ഒറ്റമൂലിയെന്ന് പറഞ്ഞ് കഴിഞ്ഞ ഒക്ടോബറില്‍ ഡി.ജി.പി ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

ആത്മഹത്യകള്‍ വീണ്ടും വര്‍ധിക്കുന്ന ഈ കാലത്ത് ആ സര്‍ക്കുലറിലെ നിര്‍ദേശങ്ങളുടെ അവസ്ഥയൊന്ന് നോക്കാം.

1)ആഴ്ചയില്‍ ഒരു ദിവസം സ്റ്റേഷനില്‍ യോഗ പരിശീലനം–ജോലി ചെയ്ത് തീര്‍ക്കാന്‍ സമയമില്ലാത്തതിന്റെ ഇടയ്ക്ക് യോഗക്കും സമയം കിട്ടാത്തതിനാല്‍ നടന്നില്ല.

2)വിവാഹവാര്‍ഷികത്തിനും കുട്ടികളുടെ പിറന്നാളിനുമെല്ലാം അവധി– ആഴ്ചയിലൊരിക്കലുള്ള ഓഫ് പോലും പലര്‍ക്കും കൃത്യമായി കിട്ടാറില്ല,പിന്നെയാണ് പ്രത്യേക അവധി.

3)സ്റ്റേഷനില്‍ മെന്‍ററിങ് സംവിധാനം–അതിന്റെ ചുമതല ഇനി ആരുടെ തലയില്‍ കെട്ടിവയ്ക്കുമെന്ന സംശയത്തില്‍ അതും നടപ്പായില്ല.

4)കൗണ്‍സിലിങ് സംവിധാനം-അതുമാത്രം പലയിടങ്ങളിലും ഒരു ചടങ്ങ് പോലെ നടന്നു.

ഡി.ജി.പിയുടെ ഈ ഉപദേശ നിര്‍ദേശങ്ങള്‍ക്ക് ശേഷമുള്ള എട്ട് മാസത്തിനിടെ 9 പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. അതോടെ പഴയ സര്‍ക്കുലര്‍ മടക്കിവച്ച പൊലീസ് ഉന്നതര്‍ അടുത്ത പഠനവുമായി ഇറങ്ങി. എല്ലാ ജില്ലയിലും പ്രത്യേകം കമ്മിറ്റികള്‍ രൂപീകരിച്ച് പൊലീസുകാര്‍ നേരിടുന്ന പ്രശ്നം പഠിക്കാനാണ് അടുത്ത ലക്ഷ്യം.