കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപു സോമനെ കഴുത്തറുത്ത് കൊന്ന കേസില്‍ തിരുവനന്തപുരത്തെ ഗുണ്ടാസംഘാംഗം പിടിയില്‍. കൊലപാതകം ഉള്‍പ്പടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ അമ്പിളി എന്ന സജികുമാറിനെയാണ് തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദീപുവും അമ്പിളിയും സുഹൃത്തുക്കളായിരുന്നൂവെന്ന് ക്രഷര്‍ യൂണിറ്റ് മാനേജര്‍ അനില്‍കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഗുണ്ടാപിരിവിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് സംശയം.
കാറിനുള്ളിലെ കഴുത്തറുത്തുള്ള അരുംകൊല നടന്നത് തമിഴ്നാട്ടിലെങ്കിലും കൊല്ലപ്പെട്ടതും കൊന്നതും മലയാളിയെന്നാണ് നിലവിലെ കണ്ടെത്തല്‍. ഫോണ്‍വിളികളും സി.സി.ടി.വി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചെയാണ് തമിഴ്നാട് പൊലീസ് തിരുവനന്തപുരത്തെത്തി മലയം സ്വദേശിയായ അമ്പിളിയെ കസ്റ്റഡിയിലെടുത്തത്. കൊലയ്ക്ക് ശേഷം കാറില്‍ നിന്നിറങ്ങി പോകുന്ന സി.സി.ടി.വി ദൃശ്യത്തില്‍ കാണുന്നയാളുമായി അമ്പിളിക്ക് രൂപസാദൃശ്യമുണ്ട്. ചൂഴാറ്റുകോട്ട അമ്പിളിയെന്ന വിളിപ്പേരില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തിരുവനന്തപുരത്തെ ഗുണ്ടാസംഘങ്ങളില്‍ സജീവാണ് അമ്പിളി.ഗുണ്ടാകുടിപ്പകയുടെ ഭാഗമായി 2013ല്‍ മൊട്ട അനി എന്ന എതിരാളിയെ വെട്ടിക്കൊന്ന കേസിലും പ്രതിയാണ്. ജാമ്യത്തിലിറങ്ങി ഗുണ്ടാപ്പിരിവൊക്കെയായി കഴിയുന്ന അമ്പിളിയുമായി കൊല്ലപ്പെട്ട ദീപുവിന് അടുപ്പമുണ്ടായിരുന്നൂവെന്നാണ് മാനേജര്‍ വെളിപ്പെടുത്തുന്നത്.
ദീപുവിന് പണം ആവശ്യപ്പെട്ട് ഗുണ്ടാസംഘങ്ങളില്‍ നിന്ന് ഭീഷണിയുള്ളതായി ഭാര്യയും മകനും വെളിപ്പെടുത്തിയിരുന്നു. ഞായറാഴ്ച ക്രഷര്‍ യൂണിറ്റിലെത്തി അമ്പിളി ദീപുവിനെ കണ്ടതും ഗുണ്ടാപ്പിരിവ് ചോദിച്ചാണെന്ന് കരുതുന്നു. പക്ഷെ യാത്രകളിലൊന്നും കൂടെക്കൊണ്ടുപോകാത്ത അമ്പിളിയെ പത്ത് ലക്ഷം രൂപയുമായുള്ള യാത്രയില്‍ എന്തിന് കൂടെക്കൂട്ടിയെന്നതില്‍ ദുരൂഹത തുടരുകയാണ്. കരള്‍രോഗവും ആരോഗ്യപ്രശ്നങ്ങളുമുള്ള 57 കാരനായ അമ്പിളിക്ക് ഒറ്റക്ക് കൊലനടത്താനാകുമോയെന്നതും സംശയമാണ്.