aroor-thuravur-road
  • വാഹന ഗതാഗതം മൂന്ന് ദിവസത്തേക്ക് തിരിച്ചുവിടും
  • നിര്‍മാണ മേഖല സന്ദര്‍ശിച്ച് കലക്ടറും NHAI ഉദ്യോഗസ്ഥരും
  • ആദ്യഘട്ടത്തില്‍ അരൂര്‍– തുറവൂര്‍ ടാറിങ്

ആലപ്പുഴ തുറവൂർ - അരൂർ  ഉയരപ്പാത നിർമാണ മേഖലയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടി.  ആദ്യ ഘട്ടമായി അരൂർ നിന്നും തുറവൂർ വരെയുള്ള  കിഴക്കുഭാഗത്തെ റോഡിൽ  ഉടൻ ടാറിങ് നടത്തും. രണ്ടാംഘട്ടത്തിൽ തുറവൂർ മുതൽ അരൂർ വരെയുള്ള പടിഞ്ഞാറുഭാഗത്തെ റോഡിലും ടാറിങ് നടത്തും ആലപ്പുഴ ജില്ലാ കലക്ടറും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും നിർമാണ മേഖല സന്ദർശിച്ചതിന് പിന്നാലെയാണ് തീരുമാനം അറിയിച്ചത്.

 

മഴ തീർന്നാലുടൻ വാഹനഗതാഗതം മൂന്നുദിവസത്തേക്ക് തിരിച്ചുവിട്ട് റോഡ് നിർമ്മാണം പൂർത്തിയാക്കാനാണ് തീരുമാനം. കിഴക്കുഭാഗത്തെ റോഡിൽ കൂടുതൽ കുഴികൾ ഉള്ളത് കണക്കിലെടുത്താണ് ആദ്യം അവിടെ ടാറിങ് നടത്തുന്നത്.

അവധിദിവസങ്ങൾ  ഉപയോഗപ്പെടുത്തി നിർമാണ പ്രവർത്തികൾ നടത്തും. 12 കിലോമീറ്റർ വരുന്ന ഈ ഭാഗത്ത് ഒരുവശം കുഴി അടച്ച് ടാർ ചെയ്യുന്നതിന് മൂന്ന് ദിവസം ആണ് ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടിട്ടുള്ളത്. 

മഴ കുറയുകയാണെങ്കിൽ ശനിയാഴ്ചയോ ഞായറാഴ്ചയോ ടാറിങ് അടക്കമുള്ള ജോലി ആരംഭിക്കും. ആലപ്പുഴ ജില്ലാ കലക്ടർ അലക്സ് വർഗീസിന്‍റെ നേതൃത്വത്തിൽ ദേശീയ പാത പ്രൊജക്ട് ഉദ്യോഗസ്ഥരും പൊലിസ് ,മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും  നിർമാണ മേഖല സന്ദർശിച്ചു. തുടർന്ന് അവലോകനയോഗത്തിലാണ് ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ തീരുമാനിച്ചത്

ഗർഡറുകൾ കൊണ്ടു പോകുന്ന സമയത്തും മുകളിൽ സ്ഥാപിക്കുന്ന സമയത്തും ഗതാഗതം ക്രമീകരിക്കേണ്ടി വരുമെന്ന് ദേശീയപാത അധികൃതർ പറഞ്ഞു. ടാറിങ് നടക്കുമ്പോൾ ആലപ്പുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അരൂരിൽ നിന്ന് അരൂക്കുറ്റി ,പൂച്ചാക്കൽ തൈക്കാട്ടുശ്ശേരി വഴി തുറവൂരിലേയ്ക്ക്  തിരിച്ചുവിടും. പടിഞ്ഞാറെ ഭാഗത്തെ റോഡ് ടാർ ചെയ്യുമ്പോൾ  തെക്ക് നിന്നുള്ള  വാഹനങ്ങൾ തുറവൂരിൽ നിന്ന് ടാറിങ് പൂർത്തിയായ റോഡിലൂടെ വടക്കോട്ട് കടത്തിവിടും