നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി കെ.പി.സി.സി പ്രസിഡന്‍റ് ഉൾപ്പെടെ മുൻനിര നേതാക്കൾ. കണ്ണൂരിൽ കെ.സുധാകരനും തിരുവനന്തപുരം ജില്ലയിൽ ശശി തരൂരും മത്സരിക്കാൻ താൽപര്യപ്പെടുന്നു. ഇതോടെ 2026ൽ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള നേതാക്കളുടെ എണ്ണം കോൺഗ്രസിൽ കൂടുകയാണ്.
പിണറായി വിജയന്‍റെ ധർമടത്ത് സി.പി.എമ്മിന്‍റെ ഭൂരിപക്ഷം 2000 വോട്ടിലേക്ക് താഴ്ത്തിക്കെട്ടി നേടിയ ലക്ഷം വോട്ടിന്‍റെ വിജയമാണ് കെ.സുധാകരനെ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് പ്രേരിപ്പിക്കുന്നത്. മൂന്നുതവണ നിയമസഭയുടെ പടികയറാൻ അവസരം നൽകിയ കണ്ണൂർ നിയമസഭാ മണ്ഡലമാണ് സുധാകരൻ ഉറ്റുനോക്കുന്നത്. സി.പി.എമ്മിന്‍റെ ഉരുക്കുകോട്ടകളിൽ ഒന്നിൽ മത്സരിക്കുന്നതും സുധാകരൻ ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിക്കസേരയിലേക്കുള്ള സുധാകരൻ ദൂരം കുറയും.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശശി തരൂരും തയാറെടുക്കുന്നുണ്ട്. തലസ്ഥാന ജില്ലയിൽ ഒരു മണ്ഡലം എന്ന് മാത്രമാണ് തരൂർ ക്യാംപ് ഇപ്പോൾ സൂചിപ്പിക്കുന്നത്. ഇതോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പുറമേ മുഖമന്ത്രി കസേരയ്ക്ക് അവകാശികൾ കൂടുകയാണ്. സിറ്റിങ് എം.പിമാരിൽ നിയമസഭയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്ന് കോന്നിയിലേക്കുള്ള ടിക്കറ്റാണ് ഉറ്റുനോക്കുന്നത്. തൃശൂരിൽ പരാജയപ്പെട്ട കെ.മുരളീധരൻ പഴയതട്ടകമായ വട്ടിയൂർക്കാവിൽ ഇതിനോടകം തന്നെ ശ്രദ്ധകേന്ദ്രീകരിച്ചുതുടങ്ങിക്കഴിഞ്ഞു.
ലോക്സഭാതിരഞ്ഞെടുപ്പിലുണ്ടായ വലിയ വിജയം സംസ്ഥാന സർക്കാരിനെതിരായ വികാരമാണെന്നും ഭരണമാറ്റം ഉറപ്പാണെന്നും കോൺഗ്രസ് വിലയിരുത്തുന്നു. ഇതാണ് പാർട്ടിക്കകത്തെ മുഖ്യമന്ത്രി മോഹികളുടെ എണ്ണം കൂട്ടുന്നത്.