സിനിമാ ചിത്രീകരണം അങ്കമാലി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തിയെന്ന് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സിബീഷ് മനോരമ ന്യൂസിനോട്. രോഗിയുമായി വന്ന തന്റെ വാഹനം തടഞ്ഞു. സിനിമ പ്രവർത്തകർ തട്ടിക്കയറി. തന്റെ ഓട്ടോയിൽ ഉണ്ടായിരുന്ന രോഗിയും പ്രയാസം പറഞ്ഞു. ഇതെല്ലാമായപ്പോഴാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും, സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതെന്നും സിബീഷ് പറഞ്ഞു.
അതിനിടെ സിനിമാ ചിത്രീകരണത്തിൽ എറണാകുളം ജില്ലാമെഡിക്കൽ ഓഫീസർ ആരോഗ്യ വകുപ്പ് ഡിറക്ടർക്ക് റിപ്പോർട്ട് നൽകി. കേസിൽ മനുഷ്യാവകാശ കമ്മീഷനും, ആരോഗ്യ മന്ത്രിയും ഇടപെട്ട സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം രാത്രി മുതൽ പുലർച്ചെ വരെ താലൂക്കാശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ സിനിമാ പ്രവർത്തകർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ചിത്രീകരണം നടത്തിയത് രോഗികളേയും, ഡോക്ടർമാരേയും ഒരു പോലെ പ്രയാസത്തിലാക്കിയിരുന്നു. ഫഹദ് ഫാസിൽ നിർമ്മിക്കുന്ന പൈങ്കിളി എന്ന ചിത്രത്തിൻ്റെ ചിത്രീകരണമാണ് രോഗികൾക്കുൾപ്പടെ ബുദ്ധിമുട്ടുണ്ടാക്കിയത്.