abdul-rahim-saudi

സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ദയാധനമായ ഒന്നരകോടി റിയാലിന്റെ ചെക്ക് മരിച്ച അനസിന്റെ കുടുംബത്തിന് കോടതി കൈമാറി.

ദയാ ധനം സ്വീകരിച്ച് മാപ്പ് നല്‍കാന്‍ സന്നദ്ധത അറിയിച്ച് മരിച്ച സൗദി ബാലൻ അനസ് അല്‍ ഷഹ്‌രിയുടെ കുടുംബം റിയാദ് ഗവര്‍ണറേറ്റില്‍ അനുരജ്ഞന കരാര്‍ ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെ ഗവര്‍ണര്‍ സാക്ഷ്യപ്പെടുത്തിയ കരാര്‍ പരിഗണിക്കാൻ കോടതി നേരത്തെ ഒരുവട്ടം ചേർന്നെങ്കിലും അനസിന്റെ കുടുംബം ഹാജരായിരുന്നില്ല. 

ഇന്ന് ഉച്ചയോടെ കുടുംബം കോടതിയിലെത്തി റഹീമിന് മാപ്പ് നൽകാൻ തയ്യാറാണെന്ന് അറിയിച്ചതോടെയാണ് നടപടികൾ വേഗത്തിലായത്. വെർച്ചൽ  സംവിധാനത്തിലൂടെയാണ് കോടതി റഹീമിനെ കണ്ടത്. തുടർന്ന് രേഖകളെല്ലാം  പരിശോധിച്ച ശേഷം വധ ശിക്ഷ റദ്ദാക്കിയ ഉത്തരവിൽ കോടതി ഒപ്പുവയ്ക്കുകയായിരുന്നു. ഇത് ഉടനെ  ഗവര്‍ണറേറ്റിന് കൈമാറും.  റഹീമിന്റെ മോചനത്തിനായി ഒന്നരകോടി റിയാലാണ് ദിയാധനമായി കൈമാറിയത്. 

റഹിം നിയമസഹായ സമിതി ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച തുക വിദേശകാര്യമന്ത്രാലയം വഴി റിയാദിലെ ഇന്ത്യൻ എംബസിക്ക് കൈമാറുകയായിരുന്നു. എംബസിയാണ് കഴിഞ്ഞമാസം മൂന്നിന് റിയാദ് ഗവർണററ്റ് വഴി തുക കോടതിയിൽ കെട്ടിവച്ചത്. ഈ തുകയുടെ ചെക്ക് മരിച്ച അനസിന്റെ പവർ ഓഫ് അറ്റോർണിക്ക് കോടതി ഇന്ന് കൈമാറി.

 

 ഇനി അധികം വൈകാതെ റഹീം ജയിൽ മോചിതനാക്കും.  ഇരുവിഭാഗം അഭിഭാഷകർ എംബസി ഉദ്യോഗസ്ഥർ, റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂർ എന്നിവരും കോടതിയിൽ ഹാജരായി.

ENGLISH SUMMARY:

Death Sentence Of Abdul Rahim Has Been Revoked