TOPICS COVERED

കൊല്ലം ജില്ലയുടെ എഴുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായുളള ഉദ്ഘാടന പരിപാടിക്ക് സദസില്‍ ആളില്ലാത്തതു കാരണം നിറംമങ്ങി. ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് അവസാനനിമിഷം സംഘാടകര്‍ ഏറെപാടുപെട്ടാണ് കുട്ടികളെയൊക്കെ എത്തിച്ചത്. ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടി ധനമന്ത്രി കെഎന്‍‌ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. 

മ‌േയര്‍ പ്രസന്ന ഏണസ്റ്റ് ഉള്‍പ്പെടെയുളളവര്‍ യഥാസമയം ടൗണ്‍ഹാളില്‍ എത്തിയെങ്കിലും സദസില്‍ ആളില്ലായിരുന്നു. നൃത്താവിഷ്കാരമൊക്കെ വേദിയെ മനോഹരമാക്കിയെങ്കിലും ആസ്വദിക്കാന്‍ കുറച്ചു ജനപ്രതിനിധികളും കുട്ടികളും ഉദ്യോഗസ്ഥരും മാത്രം. പിന്നീട് സമീപമുളള മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെയൊക്കെ കൊണ്ടിരുത്തി. 

         

സദസില്‍ ആളില്ലാത്തത് ജനപ്രതിനിധികളെയും വിഷമത്തിലാക്കി. പണ്ട് ഇങ്ങനെയല്ലായിരുന്നു കൊല്ലമെന്ന് എം മുകേഷ് എംഎല്‍എ. ആളുകളെ വീട്ടില്‍ പോയി വിളിക്കേണ്ടി വരുന്നതിലേക്ക് മാറുകയാണ്. കൊല്ലത്തിന്റെ പിറന്നാള്‍ എല്ലാവരും ചേര്‍ന്ന് മനോഹരമാക്കണമെന്ന് എം. മുകേഷ് എം.എല്‍.എ പറഞ്ഞു. ഒരുവര്‍ഷത്തെ ആഘോഷപരിപാടികള്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഒരു ചരിത്ര മ്യൂസിയം തന്നെ സ്ഥാപിക്കപ്പെടണമെന്നും പുരോഗതിയുടെ നാളുകളാണ് ഇനി വരാനിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.