sfi-march

TOPICS COVERED

എസ്.എഫ്.ഐക്കാര്‍ മര്‍ദിച്ച കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളജിലെ പ്രിന്‍സിപ്പല്‍ സുനില്‍ ഭാസ്കരന്‍ നീതി തേടി കോടതിയിലേക്ക്. എസ്.എഫ്.ഐക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ പ്രിന്‍സിപ്പലിന്‍റെ മൊഴിയെടുത്തിട്ടില്ല. പൊലീസില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും മാനേജ്മെന്‍റുമായി ആലോചിച്ച് തുടര്‍നടപടി കൈക്കൊള്ളുമെന്നും പ്രിന്‍സിപ്പല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

 

പുതിയതായി പ്രവേശനം നേടുന്നവര്‍ക്ക് ഹെല്‍പ് ഡെസ്ക് ഇടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് തിങ്കളാഴ്ച ഏരിയാപ്രസിഡന്റ് അഭിനവിന്‍റെ നേതൃത്വത്തില്‍ പുറത്തുനിന്നെത്തിയ എസ്.എഫ്.ഐക്കാര്‍ പ്രിന്‍സിപ്പലിന്‍റെ മുഖത്തടിച്ചത്. ഇതിന് പിന്നാലെയാണ് കോളജിലേക്ക് മാര്‍ച്ച് നടത്തിയ എസ്.എഫ്.ഐക്കാര്‍ പ്രിന്‍സിപ്പലിന് നേരെ ഭീഷണി മുഴക്കിയത്. 

കോളജില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ട് കൂട്ടര്‍ക്കെതിരെയും പൊലീസ് കേസെടുത്തെങ്കിലും പ്രിന്‍സിപ്പലിന്റ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. എസ്.എഫ്.െഎക്കെതിരായ കേസില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭീഷണിപ്രസംഗത്തിലും പൊലീസ് നടപടിയെടുത്തിട്ടില്ല. 

ഏരിയാ സെക്രട്ടറി ഭീഷണയില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് മാനേജുമെന്‍റുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രിന്‍സിപ്പാല്‍ പറഞ്ഞു. സംഘര്‍ഷത്തിന്റ പശ്ചാത്തലത്തില്‍ രണ്ട് ദിവസമായി കോളജ് അടച്ചിട്ടിരിക്കുകയാണ്. പ്രിന്‍സിപ്പലിനെ കോളജില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് എസ്.എഫ്.െഎയുടെ നിലപാട്. അതേസമയം ഏരിയാ പ്രസിഡന്റ് അഭിനവിനെ മര്‍ദിച്ച പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐയും ശക്തമായി രംഗത്തുണ്ട്.