amoebicdeath

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 14 വയസുകാരൻ മരിച്ചു.  ഫറോക്ക് സ്വദേശി മൃദുൽ ആണ് മരിച്ചത്. രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകനാണ് മൃദുല്‍. ഇതോടെ മസ്തിഷ്ക ജ്വരം ബാധിച്ച് അടുത്തിടെ സംസ്ഥാനത്ത്    മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. കണ്ണൂർ, മലപ്പുറം സ്വദേശികളാണ് നേരത്തെ മരിച്ചത്.

കഴിഞ്ഞ 16ന് ഫാറൂഖ് കോളജിനു സമീപം അച്ചംകുളത്തിലായിരുന്നു മൃദുൽ കുളിച്ചത്. കുട്ടിക്ക് അണുബാധ ഉണ്ടായതിനാൽ കുളം നഗരസഭ അധികൃതർ അടപ്പിച്ചിരുന്നു . തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാത്രി 11. 24 ന് ആണ് മൃദുല്‍ മരിച്ചത്. ഫാറൂഖ് കോളേജ് ഹയർ സെക്കൻഡറി സ്കൂൾ  ഏഴാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച മൃദുൽ. സഹോദരന്‍ മിലന്‍. സംസ്കാരം ഇന്ന് ഉച്ചയോടെ നടക്കും. 

കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബു–ധന്യ ദമ്പതികളുടെ മകൾ വി.ദക്ഷിണ (13) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂൺ പന്ത്രണ്ടിനാണ് മരിച്ചത്. ജനുവരിയിൽ സ്കൂളിൽ നിന്ന് മുന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി സ്വിമ്മിങ് പൂ‌ളിൽ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്കു കാരണമായതെന്നാണു സംശയിക്കുന്നത്. സാധാരണ അമീബ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കുമെങ്കിലും ദക്ഷിണയ്ക്ക് മൂന്നര മാസം കഴിഞ്ഞ് മേയ് എട്ടിനാണ് ലക്ഷണങ്ങൾ കണ്ടത്. തലവേദനയും ഛർദിയും ഭേദമാകാതെ വന്നതോടെ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ‌പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെർമമീബ വെർമിഫോമിസ് എന്ന അമീബയാണ് മരണത്തിന് കാരണമായതെന്നാണ് പരിശോധനാ ഫലത്തിൽ വ്യക്തമായത്. 

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മേയ് 20 നാണ് മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്‌ന ദമ്പതികളുടെ മകൾ ഫദ്‌വ (5) മരിച്ചത്. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിലെ പാറക്കൽ കടവിൽ കുളിച്ച ഫദ്‍വയ്ക്ക് പനിയും തലവേദനയും പിടിപെടുകയായിരുന്നു. ഒരാഴ്ചത്തെ ചികിത്സയ്‌ക്കൊടുവിൽ ഫദ്‌വ മരണത്തിനു കീഴടങ്ങി.

നെഗ്ലേരിയ ഫൗലെറി എന്നറിയപ്പെടുന്ന അമീബയാണ് അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രമേ ഇത്തരം നെഗ്ലേരിയ ഫൗലെറി അമീബയുണ്ടാകാൻ സാധ്യതയുള്ളൂ. മൂക്കു വഴിയാണു നെഗ്ലേരിയ ഫൗലെറി അമീബ തലച്ചോറിലെത്തുക. ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്ന ഓൽഫാക്ടറി നാഡി വഴിയാണു മൂക്കിൽ നിന്ന് ഈ അണുക്കൾ തലച്ചോറിലേക്കു പ്രവേശിക്കുക. ഈ അണുക്കൾ നേരിട്ടു മസ്തിഷ്ക്കത്തെയും അതിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണമായ മെനിഞ്ചസിനെയും ബാധിക്കും.

സാധാരണഗതിയിൽ അണുക്കൾ തലച്ചോറിൽ പ്രവേശിച്ചാൽ 5–7 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങും. കടുത്ത പനി, തലവേദന, ഛർദി, മയക്കം, അപസ്മാരം, തളർച്ച എന്നിവയാണു പൊതുവേ കാണുന്ന ലക്ഷണങ്ങൾ. തലച്ചോറിലെ കോശങ്ങളെ അമീബ തിന്നു നശിപ്പിക്കുന്നതിലൂടെ വരുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ് എന്ന മസ്തിഷ്കജ്വരം (പിഎഎം) അതിമാരകമാണ്. പതിനായിരത്തിൽ ഒരാൾക്ക് പിടിപ്പെട്ടേക്കാവുന്ന ഈ അപൂർവ രോഗം വന്നു കഴിഞ്ഞാൽ രക്ഷപ്പെടാനുള്ള സാധ്യത 3% മാത്രമാണ്.

A 14-year-old boy who was undergoing treatment at a private hospital in Kozhikode died of amoebic meningoencephalitis:

A 14-year-old boy who was undergoing treatment at a private hospital in Kozhikode died of amoebic meningoencephalitis. Mridul, a native of Farook, died. Mridul is the son of Ajit Prasad and Jyoti in Irumuliparam Kaustubham near Ramanattukara Farooq College. With this, the number of children who have recently died due to encephalitis in the state has increased to three. Those who died earlier were natives of Kannur and Malappuram