kerala-fever

പനിബാധിതരുടെ എണ്ണവും പകർച്ചവ്യാധി മരണസംഖ്യയും ഉയർന്നതോടെ  കണക്കുകൾ മറച്ച് വച്ച് ആരോഗ്യവകുപ്പ്. എല്ലാ ദിവസത്തേയും പകർച്ചവ്യാധി വിവരങ്ങൾ നൽകിയിരുന്ന ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ മൂന്ന് ദിവസമായി പുതിയ വിവരങ്ങളില്ല. കണക്കുകൾ പ്രസിദ്ധീകരിക്കുന്ന ചുമതലയുളള ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് കണക്കുകൾ പ്രസിദ്ധീകരിക്കാത്തത് എന്തെന്ന ചോദ്യത്തിന് മറുപടിയില്ല.

ആരോഗ്യവകുപ്പിന്റെ പകർച്ച വ്യാധി വിവരങ്ങൾ നല്കുന്ന വെബ്സൈറ്റിൽ കഴിഞ്ഞ മാസം മുപ്പതാം തീയതിവരെ എല്ലാ വിവരങ്ങളും കൃത്യമായി നല്കിയിട്ടുണ്ട്. മുപ്പതിനു ശേഷം പകർച്ചപ്പനിയുടെ കോളങ്ങളിൽ വിവരങ്ങൾ ചേർത്തിട്ടേയില്ല. ജൂൺ 1 മുതൽ മുപ്പത് വരെയുളള കണക്കുകൾ ചേർത്ത് ഒരുമാസത്തെ പകർച്ചപ്പനി കണക്കുകൾ മാധ്യമ വാർത്തയായത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഒരുമാസത്തിനിടെ വിവിധ പകർച്ച വ്യാധികൾ 75 ജീവനെടുത്ത വിവരം മനോരമ ന്യൂസ് പുറത്തു വിട്ടിരുന്നു. ആരോഗ്യവകുപ്പ് വൈബ്സൈറ്റിലെ കണക്കുകൾ ഉദ്ധരിച്ചാണ് വാർത്ത നല്കിയത്. 

ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, എച്ച് വൺ എൻ വൺ എന്നിവ പടരുന്ന വിവരവും പകർച്ച വ്യാധികൾ ജീവൻ കവരുന്ന വിവരങ്ങളും പുറത്തു വന്നു. പിന്നാലെ നിയമസഭയിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ചു. പകർച്ചവ്യാധി പ്രതിരോധം പാളുന്നുവെന്നും മഴക്കാല പൂർവ ശുചീകരണം പ്രഹസനമായിരുന്നുവെന്നും വ്യാപക വിമർശമുയർന്നു. ഇതിനു പിന്നാലെയാണ് ദിവസേന പ്രസിദ്ധീകരിക്കുന്ന പകർച്ചവ്യാധി വിവരങ്ങൾ അപ്രത്യക്ഷമായത്. 

 

ജൂൺ 29 ലെ കണക്കനുസരിച്ച് ഒറ്റദിവസം പതിനായിരത്തിലേറെ പേർ പനിക്ക് ചികിൽസ തേടിയിട്ടുണ്ട്. അതിനു ശേഷം ഒരാൾ പോലും പനിക്ക് ചികിൽസ തേടിയില്ലെങ്കിൽ കണക്കുകൾ പ്രസിദ്ധപ്പെടുത്താത്തതിൽ അപാകയില്ല. അങ്ങനെ വരാൻ ഒരു സാധ്യതയും ഇല്ലാത്തതിനാൽ കണക്കുകൾ മുക്കിയതാണെന്ന സംശയത്തിന് ശക്തി കൂടും.

ENGLISH SUMMARY:

Fever and Death Toll Rising In Kerala; Health Department Concealing Data