samantha-controversy

Image Credit:instagram.com/samantharuthprabhuoffl/twitter.com/sudhakarudumula

വൈറല്‍ അണുബാധകളെ പ്രതിരോധിക്കാന്‍ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സമാന്ത റൂത് പ്രഭുവിന്റെ വാദത്തിനെതിരെ രൂക്ഷവിമര്‍ശനം. അശാസ്ത്രീയമായ ചികിത്സാരീതി ആളുകള്‍ളിലേക്ക് എത്തിക്കുന്നെന്നാരോപിച്ച് നിരവധി ആരോഗ്യവിദഗ്ധകരാണ് താരത്തിനെതിരെ രംഗത്തെത്തിയത്. ഇപ്പോഴിതാ ഡോ. സിറിയക് എബി ഫിലിപ്സ് സമാന്തയക്കെതിരെ പങ്കുവച്ച കുറിപ്പും അതിന് സമാന്ത നല്‍കിയ മറുപടിയുമാണ് സോഷ്യലിടത്ത് ശ്രദ്ധനേടുന്നത്. ലിവർ ഡോക്ടർ എന്ന പേരിൽ പ്രശസ്തനായ ഡോ. സിറിയക് എബി ഫിലിപ്സ് എക്സിലൂടെയാണ് സമാന്തക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.

സമാന്തയുടെ ചിത്രവും ഹൈഡ്രജൻ പെറോക്സൈഡിന്‍റെ ഉപയോഗം അപകടമാണെന്ന് സൂചിപ്പിക്കുന്ന മറ്റൊരു ചിത്രവും പങ്കുവച്ചുകൊണ്ടാണ് ഡോ. സിറിയക് എബി ഫിലിപ്സ് എക്സില്‍ കുറിച്ചത്. ഒരു സാധാരണ വൈറല്‍ അണുബാധയ്ക്ക് മരുന്നുകള്‍ കഴിക്കുന്നതിന് പകരം ഈ മാര്‍ഗമൊന്ന് പരീക്ഷിച്ചുനോക്കൂ എന്നു പറഞ്ഞുകൊണ്ടാണ് സമാന്ത  ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്യുന്നതിന്‍റെ വിഡിയോ പങ്കുവച്ചത്. സമാന്തയുടെ പോസ്റ്റ് ശ്രദ്ധനേടിയതിന് തൊട്ടുപിന്നാലെ താരത്തിനെതിരെ ഡോക്ടേഴ്സ് അടക്കം നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു. 

സമാന്തയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഡോ. സിറിയക് എബി ഫിലിപ്സും താരത്തിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ആരോ​ഗ്യ-ശാസ്ത്ര വിഷയങ്ങളിൽ നിരക്ഷരയാണ് സമാന്തയെന്നും താരത്തിനെതിരെ പൊതുജനാരോ​ഗ്യം അപകടപ്പെടുത്തുന്ന കുറ്റം ചാർത്തി, പിഴചുമത്തുകയോ, അഴിക്കുള്ളിൽ അകത്താക്കുകയോ ചെയ്യണമെന്നമാണ് ഡോ സിറിയക് എബി ഫിലിപ്സ് എക്സിലൂടെ പ്രതികരിച്ചത്. കൂടാതെ സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്ത്മ അലർജി ഫൗണ്ടേഷനും ഹൈഡ്രജൻ പെറോക്സൈ‍ഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും ഇത് ആരോ​ഗ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം കുറിച്ചു.

ഡോ. സിറിയക് എബി ഫിലിപ്സിന്‍റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ഡോക്ടര്‍ക്കും തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി സമാന്തയും രംഗത്തെത്തി. തനിക്ക് ​ഫലംകണ്ട ചികിത്സാരീതിയാണ് പങ്കുവച്ചതെന്നും തനിക്കെതിരെ ആരോപണം ഉന്നയിച്ച ഡോക്ടറുടെ വാക്കുകൾ കടുത്തുപോയി എന്നുമാണ് സാമന്ത സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 

സമാന്ത പങ്കുവച്ച കുറിപ്പ്:

'കഴിഞ്ഞ കുറച്ച് വർഷങ്ങളായി, എനിക്ക് പല തരത്തിലുള്ള മരുന്നുകളും കഴിക്കേണ്ടി വന്നു. തീർച്ചയായും എടുക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ച മരുന്നുകളെല്ലാം തന്നെ ഞാൻ പരീക്ഷിച്ചു. ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണലുകളുടെ ഉപദേശത്തിനൊപ്പം എന്നെപ്പോലുള്ള ഒരു സാധാരണ വ്യക്തിക്ക് കഴിയുന്നത്ര സ്വയം ഗവേഷണവും നടത്തിയതിന് ശേഷമാണ് മരുന്നുകളെല്ലാം കഴിച്ചത്'. 

'ഒട്ടുമിക്ക എല്ലാ ചികില്‍സകളും വളരെ ചിലവേറിയതായിരുന്നു. അവയെല്ലാം എനിക്ക് താങ്ങാൻ കഴിയുന്നത് ഭാഗ്യമാണല്ലോ എന്നോർക്കുന്നതിനൊപ്പം അതിന് കഴിയാത്തവരെ കുറിച്ചും ഞാന്‍ ചിന്തിക്കുമായിരുന്നു. കാലങ്ങളായുളള പരമ്പരാഗത ചികിത്സകൾ എന്നിൽ ഒരു മാറ്റവുമുണ്ടാക്കിയിരുന്നില്ല. ചിലപ്പോൾ അതെന്നിൽ പ്രവർത്തിക്കാത്തതാവാം, മറ്റുള്ളവർക്ക് ഗുണകരമായി പ്രവർത്തിക്കുന്നുമുണ്ടാവാം'. 

'ഈ രണ്ട് ഘടകങ്ങളാണ് എന്നെ മറ്റ് ചികിത്സകളെ കുറിച്ച് വായിക്കാൻ പ്രേരിപ്പിച്ചത്. നിരവധി പരീക്ഷണത്തിനും പിശകുകൾക്കും ശേഷം, എനിക്ക് അത്ഭുതകരമായി പ്രവർത്തിക്കുന്ന ചികിത്സകൾ ഞാൻ കണ്ടെത്തി. പരമ്പരാഗത ആരോഗ്യ സംരക്ഷണത്തിനായി ഞാൻ ചിലവഴിച്ചതിൻ്റെ ഒരു അംശം മാത്രമേ ഈ ചികിത്സകൾക്കായി ചിലവാക്കേണ്ടി വരുന്നുള്ളൂ.

'ഒരു ചികിത്സയെ കുറിച്ച് ശക്തമായി വാദിക്കാൻ പോന്ന ആളല്ല ഞാന്‍. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഞാൻ നേരിട്ടതും  പഠിച്ചതുമായ എല്ലാ കാര്യങ്ങളും കാരണം നല്ല ഉദ്ദേശത്തോടെയാണ് ഞാൻ ചികിത്സാരീതിയെ കുറിച്ച് നിർദ്ദേശിച്ചത്' എന്നും താരം പങ്കുവച്ച കുറിപ്പില്‍ പറയുന്നു. 3 പേജുളള നീണ്ട കുറിപ്പില്‍ താന്‍ എന്തുകൊണ്ടാണ് ഇത്തരം ഒരു ചികില്‍സ ആളുകള്‍ക്ക് പരിചയപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നുണ്ട്. ആളുകളെ തെറ്റിധരിപ്പിക്കലല്ല മറിച്ച് തനിക്ക് നന്നായി ഫലിച്ച ചിലവ് വളരെ കുറഞ്ഞ ഈ ചികില്‍സാരീതി മറ്റുളളവരുടെ അറിവിലേക്ക് കൂടി എത്തിക്കുക എന്നത് മാത്രമായിരുന്നു തന്‍റെ ഉദ്ദേശം എന്നും തന്‍റെ കുറിപ്പിലൂടെ താരം വ്യക്തമാക്കി. 

'ഒരു മാന്യൻ എന്റെ പോസ്റ്റിനെയും ഉദ്ദേശ്യങ്ങളെയും ശക്തമായ വാക്കുകളാൽ ആക്രമിച്ചു. അദ്ദേഹവും ഒരു ഡോക്ടറാണ്, എന്നെക്കാളും അദ്ദേഹത്തിന് കാര്യങ്ങളറിയാം എന്നതിൽ എനിക്ക് സംശയമില്ല. വാക്കുകളിൽ ഇത്ര പ്രകോപനപരമാവേണ്ടിയിരുന്നില്ല അദ്ദേഹത്തിന്, അൽപ്പം ദയയും അനുകമ്പയും കാണിക്കുമായിരുന്നു. എന്നെ ജയിലിൽ അടയ്ക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നിടത്ത് പ്രത്യേകിച്ചും എന്നാണ് ‍ഡോക്ടറുടെ വിമര്‍ശനത്തിന് മറുപടിയെന്നോണം സമാന്ത കുറിച്ചത്. താന്‍റെ ആരോഗ്യത്തെ സഹായിച്ച ചികിത്സകളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുമ്പോൾ ഇനി കൂടുതൽ ശ്രദ്ധാലുവായിരിക്കുമെന്നും. ആരെയും ഉപദ്രവിക്കാനല്ലെന്നും പറഞ്ഞുകൊണ്ടാണ് സമാന്ത തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. 

ENGLISH SUMMARY:

Samantha Ruth Prabhu REACTS after her nebulizer post is slammed by a doctor