എസ്.എഫ്.ക്കെതിരെ വിമർശനം ഉന്നയിച്ച അധ്യാപികയ്ക്ക് പെൻഷൻ നിഷേധിക്കുന്നതായി പരാതി. കാസർകോട് ഗവൺമെന്‍റ് കോളേജ് മുൻ പ്രിൻസിപ്പൽ എം. രമയാണ് പരാതിയുമായി രംഗത്തെത്തിയത്. ഹൈക്കോടതി വിധിയുണ്ടായിട്ടും രാഷ്ടീയ ഇടപെടൽ കാരണമാണ് പെൻഷൻ നിഷേധിക്കുന്നതെന്നും കോളേജിൽ ഇപ്പോഴും ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും രമ ആരോപിച്ചു. എസ്.എഫ്.ഐയും ഇടത് അധ്യാപക സംഘടനകളുമാണ് തന്നെ വേട്ടയാടുന്നതെന്നും അവര്‍ പറഞ്ഞു. 

മാർച്ചിൽ സർവീസിൽ നിന്ന് വിരമിച്ച രമയ്ക്ക് ഇതുവരെ പെൻഷൻ ലഭിച്ചിട്ടില്ല. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായിട്ടും സർക്കാർ മനപ്പൂർവം പെൻഷൻ നിഷേധിക്കുകയാണെന്നാണ് പരാതി. സർവീസിൽ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുൻപ് രണ്ട് വർഷം മുൻപ് നൽകിയ പരാതിയിൽ രമയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. ഈ നടപടി പെൻഷൻ അടക്കമുള്ള അനുകൂല്യങ്ങൾ തടയാനാണെന്ന് അന്നുതന്നെ ആരോപണമുയർന്നിരുന്നു. പലതവണ അപേക്ഷ നൽകിയെങ്കിലും ഫയൽ പഠിക്കണമെന്ന് കാണിച്ച് പരിഗണിക്കാതിരിക്കുകയാണെന്നും നീതി നിഷേധമാണ് നടക്കുന്നതെന്നും രമ പറയുന്നു.

ENGLISH SUMMARY:

Left organisations harassing even after retirement and denies pension, alleges M Rema foremer principal of Govt college Kasargod