തൃശൂർ വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ളാറ്റും ആശുപത്രിയും പൊന്തക്കാട് മൂടി. നൂറിലേറെ കുടുംബങ്ങൾക്കായി നിർമിച്ച ഫ്ളാറ്റാണ് ലൈഫ് മിഷൻ വിവാദങ്ങളോടെ ഉപേക്ഷിക്കപ്പെട്ടത്.  ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നടപ്പാത പോലും പുല്ല് മൂടി. കുടുംബങ്ങൾക്കു ചികിൽസയ്ക്കായി നിർമിച്ച ആശുപത്രി കെട്ടിടത്തിന്‍റെ അവസ്ഥയും പരിതാപകരമാണ്. ആശുപത്രിയിലെ സാധന സാമഗ്രികൾ പലതും കടത്തിക്കൊണ്ടുപോയി. 

സ്വപ്ന സുരേഷും റിട്ടയേർഡ് ഐ.എ.എസ്. ഉദ്യോഗസ്ഥൻ എം.ശിവശങ്കറും ഉൾപ്പെട്ട കേസിനു ശേഷം ഈ പദ്ധതി മുന്നോട്ടുപോയില്ല. പല ഏജൻസികളുടെ അന്വേഷണം നടന്നു. യു.എ.ഇ. റെഡ്ക്രസന്റ് അധികൃതരുമായി ചേർന്നായിരുന്നു പാർപ്പിട പദ്ധതി. 140 കുടുംബങ്ങൾക്കുള്ള പാർപ്പിടമെന്നതായിരുന്നു ലക്ഷ്യം. 16 കോടി രൂപയോളം ഇതിനോടകം ചെലവിട്ടു. ഫ്ളാറ്റ് നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എം.എൽ.എ അനിൽ അക്കര ഹൈക്കോടതിയിൽ പൊതുതാൽപര്യം ഹർജി ഫയൽ ചെയ്തു. 

കേന്ദ്ര ഏജൻസികളും സംസ്ഥാന വിജിലൻസും പലതവണ ഈ ഫ്ളാറ്റുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി എത്തിയിരുന്നു. കേസും വിവാദങ്ങളും ഒതുങ്ങിയതോടെ ആരും ഇവിടേയ്ക്കു വരാതെയായി. സംസ്ഥാന സർക്കാരും ഈ പദ്ധതി ഉപേക്ഷിച്ച മട്ടാണ്. ഫ്ളാറ്റ് നിർമാണം പൂർത്തിയായാലും മികച്ച വഴി നിർമിച്ചില്ലെങ്കിൽ കുടുംബങ്ങൾക്കു താമസിക്കുക പ്രയാസകരമാകും.

ENGLISH SUMMARY:

Row over life mission hinders construction of Flats in wadakkanchery.