കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച പതിനാലുവയസുകാരന്‍ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നു. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, രോഗം ബാധിച്ച് മൂന്ന് കുട്ടികള്‍ മരിച്ചതോടെ വടക്കന്‍ കേരളത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.
കാട്ടിലെ കുളത്തില്‍ കുളിച്ചതിനെ തുടര്‍ന്നാണ് പതിനാലുകാരന് രോഗബാധയുണ്ടായതെന്നാണ് സംശയം. രോഗലക്ഷണം കണ്ടുതുടങ്ങി 24 മണിക്കൂറുകളിനുളളില്‍ കുട്ടിക്ക് ചികില്‍സ തുടങ്ങിയിരുന്നു. ഒന്നരമാസത്തിനിടെയാണ് കണ്ണൂരും മലപ്പുറത്തും കോഴിക്കോടും മൂന്ന് കുട്ടികള്‍ അമിബീക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. വ്യത്യസ്ത സ്ഥലങ്ങളിലെ പൊതുകുളങ്ങളില്‍ കുളിച്ചതിനെ തുടര്‍ന്നാണ് മൂന്ന് കുട്ടികള്‍ക്കും രോഗബാധയുണ്ടായതെന്നാണ് കരുതുന്നത്.
കോഴിക്കോട്ട് മരിച്ച പതിനാലുവയസുകാരന്‍ മൃദുലിന് രോഗബാധയുണ്ടായെന്ന് കരുതുന്ന രാമനാട്ടുകരയിലെ അച്ചന്‍കുളം ഇനിയൊരു നിര്‍ദേശമുണ്ടാവുന്നത് വരെ അടച്ചു. ഒരു മാസം മുമ്പ് മലപ്പുറം സ്വദേശിയായ അഞ്ചുവയസുകാരിക്ക് രോഗം ബാധിച്ച കടലുണ്ടിപുഴയുടെ ഭാഗമായ ഈ കടവും ശുചീകരിച്ചു. കണ്ണൂരില്‍ മരിച്ച കുട്ടിക്ക് വിനോദ യാത്ര പോയതിനിടെ മൂന്നാറില്‍ നിന്ന് രോഗം പിടിപ്പെട്ടതായാണ് കരുതുന്നത്.