മൗനം വാചാലമായതിന്റെ അഗാധമായ ഭംഗിയാണ് എം.ടി.വാസുദേവന്‍ നായര്‍. എഴുത്തിലും സിനിമയിലും മറ്റൊരു പേനയും ചെന്നുതൊടാത്ത ഉയരത്തിലേക്ക് മലയാളത്തെ വഴിനടത്തിയ യുഗപ്രഭാവന്‍. വലിയ ബഹളങ്ങളില്ലാതെ ആണെങ്കിലും, എം.ടി ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന കേരളീയരുടെ ധൈര്യം കൂടിയാണ് ഇല്ലാതാവുന്നത്. എംടി സ്പെഷല്‍ ഇ–പേപ്പര്‍ വായിക്കാം
കോഴിക്കോട്ടെ കൊട്ടാരം റോഡിലെ ഗേറ്റ് തുറന്നിടാത്ത വീട്ടില്‍ ഇനി എം.ടിയില്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ പാര്‍ത്ത മനുഷ്യസ്നേഹിയായ കഥാകാരന്‍. എം.ടിയുടെ അടുത്തുചെല്ലാന്‍ ആരും മടിക്കും. പക്ഷേ, അടുത്തുപരിചയിച്ചല്ലാതെ, മലയാളിയുടെ ഹൃദയത്തില്‍ ഇത്ര ഉറപ്പോടെ ഇരുന്ന ഏകാകിയുടെ പേരും എം.ടി.വാസുദേവന്‍ നായര്‍ എന്നുതന്നെ.
ഓരോരുത്തര്‍ക്കും അത് താന്‍ തന്നെയെന്ന് തോന്നിക്കുന്ന നായക കഥാപാത്രങ്ങള്‍. ജീവിതത്തിന്റെ കടുത്ത പരീക്ഷണങ്ങളില്‍ പതറിനില്‍ക്കുമ്പോഴും കൈവിടാത്ത തലയെടുപ്പ് ആ കഥകളുടെ അടിക്കല്ലായി. അങ്ങനെ തോറ്റുപോകുമ്പോഴും ജയിച്ചവരുടെ ജീവചരിത്രമായി എം.ടിയെഴുത്തുകള്‍.
കുഞ്ഞിലേ തുടങ്ങിയ ലോകവായനകള്‍ എം.ടിയെ അന്നേ എഴുത്തിലെത്തിച്ചു. 1954-ൽ ലോകചെറുകഥാമത്സരത്തില്‍ 'വളർത്തുമൃഗങ്ങൾ' എന്ന കഥ വിജയം തൊട്ടതോടെ, കാലാതീതമായ ആ എഴുത്തുയാത്ര ആദ്യതാള്‍ തുറന്നു. പത്രപ്രവര്‍ത്തകനായി കോഴിക്കോട്ട് താവളമുറപ്പിച്ചതോടെ മലയാളസാഹിത്യത്തിന്‍റെയും തലവര മാറി. അക്കാലത്ത് മാതൃഭൂമിയുടെ പത്രാധിപക്കസേരയിലിരുന്ന് പുതിയ എഴുത്തിനും എഴുത്തുകാര്‍ക്കും നേരെ എം.ടി അലിവോടെ, അപാരമായ ഉള്‍ക്കാഴ്ചയോടെ കൈനീട്ടി. പിന്നാലെ വായിക്കാതെ പറ്റില്ലെന്ന അവസ്ഥയിലേക്ക് നമ്മെ വലിച്ചിട്ട രചനകളുടെ മഹാപ്രവാഹം. അതുകഴിഞ്ഞെല്ലാം നമ്മള്‍ വായിച്ചു വിസ്മയം പൂണ്ട ജീവിതത്തിന്റെ പാരാവാരം.
‘‘എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാന്‍ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്റെ ദാഹം ശമിപ്പിക്കുന്ന കുളിര്‍വെള്ളമാണ്. എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏതു നാട്ടിലെത്തിയാലും ഞാന്‍ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാന്‍ തന്നെയാണ്.’’. ഇത് ഒരു പരിപാടിയില്‍ തല്‍ക്ഷണം ബോര്‍ഡില്‍ എം.ടി എഴുതിവച്ച വാക്കുകളാണ്. ഈ വരികള്‍ പിന്നീട് കേരളത്തിന്റെ ഭാഷാ പ്രതിജ്ഞയായത് ചരിത്രം. ഭാഷയുടെ ഊര്‍ജവാഹിനിയായി മാറിയ എഴുത്തുകാരന്‍ മടങ്ങുകയാണ്.
മൗനിയായിരുന്നു എം.ടി. മഹാമൗനത്തിന്‍റെ തീരത്തിരുന്ന് എം.ടി. ഇടയ്ക്ക് മിണ്ടും. അതുപക്ഷേ ഒരു നിലപാടിന്റെ പ്രകമ്പനമാകും. മാറ്റിപ്പറയാത്ത നിലപാടിന്‍റെ മുഴക്കം. എം.ടിയെ വായിച്ചുവായിച്ചാണ് മലയാളി ഏകാന്തതയെയും സ്നേഹിച്ചുപോയത്. എം.ടിയെ വായിച്ചാല്‍ ഒന്നൊറ്റയ്ക്ക് ഇരിക്കാന്‍ തോന്നും. എം.ടി പോയിക്കഴിഞ്ഞും നമുക്കൊന്ന് ഒറ്റയ്ക്കിരിക്കണം.