kseb-protest-0607

കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ഇബി ഓഫീസിന് മുമ്പിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും ഓഫിസ് ആക്രമിക്കുകയം ചെയ്ത കേസിലെ പ്രതിയായ അജ്മലിന്‍റെ മാതാപിതാക്കൾ. ചെയർമാന്‍റെ നിർദേശത്തെ തുടർന്ന് ഇന്ന് വൈകിട്ട് അജ്മലിന്‍റെ വീട്ടിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. ഓഫിസ് അക്രമിക്കുന്നവര്‍ക്ക് വൈദ്യുതി നല്‍കേണ്ട എന്നാണ് വകുപ്പിന്‍റെ നിലപാട്. ഇരുട്ടിലായതോടെയാണ് പ്രതിയുടെ അച്ഛനും അമ്മയും മെഴുകുതിരി പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തിനിടെ അജ്മലിന്‍റെ അച്ഛന്‍ കുഴഞ്ഞുവീണു.

 

തിരുവമ്പാടി സ്വദേശികളായ അജ്‌മലിന്റേയും സഹോദരന്‍ ഷഹദാദിന്റേയും വീട്ടിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്. കെ.എസ്.ഇ.ബി.യുടെ ചരിത്രത്തില്‍ ആദ്യമായാണ് അക്രമം നടത്തിയതിന്റ പേരില്‍ വൈദ്യുതി വിച്ഛേദിക്കുന്നത്. കഴിഞ്ഞദിവസമാണ് വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്ന് അജ്‌മലിന്‍റെ വീട്ടിലെ കണക്ഷന്‍ കെ.എസ്.ഇ.ബി വിഛേദിച്ചിത്. കണക്ഷന്‍ വിഛേദിച്ച ലൈന്‍മാന്‍ പ്രശാന്തിനെ അജ്മല്‍ മര്‍ദിച്ചിരുന്നു. ഇതില്‍ കേസെടുത്തതോടെ കെ.എസ്.ഇ.ബി ഓഫീസിലെത്തിയ അജ്‌മലും സഹോദരനും അസിസ്റ്റന്‍റ് എന്‍ജീനിയര്‍ പ്രശാന്തിനെ കയ്യേറ്റം ചെയ്യുകയും ദേഹത്ത് മലിനജലം ഒഴിക്കുകയും ചെയ്തു. ഓഫീസിലെ കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും തകര്‍ത്തു. മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കെഎസ്ഇബി പറയുന്നത്.

കെഎസ്ഇബി ചെയര്‍മാന്റ ഉത്തരവനുസരിച്ചാണ് പ്രതികളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിരിക്കുന്നത്. അജ്‍മലിന്‍റെ അച്ഛന്‍ റസാക്കിന്‍റെ പേരിലാണ് വൈദ്യുതി കണക്ഷന്‍. വൈദ്യുതി വിച്ഛേദിച്ചതിനെതിരെ കുടുംബം പൊലീസിനെ സമീപിച്ചിട്ടുണ്ട്. പരിക്കേറ്റ അസിസ്റ്റന്‍റ് എന്‍ജീനിയര്‍ പ്രശാന്തിനെ മുക്കം ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജ്‌മല്‍ വൈദ്യുതി കുടിശ്ശിക വരുത്തുന്നതും ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്നും അധികൃതര്‍ പറഞ്ഞു. ആക്രമണത്തില്‍ പ്രതിഷേധിച്ച് കെഎസ്ഇബി ജീവനക്കാര്‍ നഗരതതില്‍ പ്രകടനം നടത്തി. അജ്മലിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തുവന്നു.  

ENGLISH SUMMARY:

The parents of Ajmal, the accused who beat up the officers, protest in front of the KSEB office in Tiruvambadi, Kozhikode