saji-cherian-file

File Image | Credit: facebook.com/sajicheriancpim

ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മിഷന്‍റെ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍. നിയമപരമായി പഠിച്ചിട്ട് പുറത്തുവിടാന്‍ പറ്റുന്നത് പരസ്യമാക്കുമെന്നും റിപ്പോർട്ടിൽ പേരെടുത്ത് പറഞ്ഞ് വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ കമ്മിഷന്‍ തന്നെ രംഗത്തെത്തിയിരുന്നു.

 

വിലക്കപ്പെട്ടതൊഴികെയുള്ള വിവരങ്ങള്‍ മറച്ചുവയ്ക്കേണ്ടതല്ലെന്നും റിപ്പോര്‍ട്ട് പുറത്തുവിടണമെന്നുമായിരുന്നു വിവരാകാശ കമ്മിഷന്‍ വ്യക്മാക്കിയത്. അഞ്ച് വര്‍ഷമായിട്ടും റിപ്പോര്‍ട്ട് രഹസ്യമാക്കി വച്ചതോടെയാണ് വിവരാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ജൂണില്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മുദ്രവച്ച കവറില്‍ സാംസ്കാരിക വകുപ്പ് വിവരാവകാശ കമ്മിഷന് കൈമാറുകയായിരുന്നു.

പുറത്തുവന്നാല്‍ ചലച്ചിത്ര, സാംസ്കാരിക മേഖലയിൽ കോളിളക്കങ്ങൾക്കു കാരണമാകുമെന്നു കരുതുന്നതാണ് റിപ്പോർട്ട്.വിവരം തേടിയ വ്യക്തിക്കും തുടർന്നു കമ്മിഷനും റിപ്പോർട്ടിന്റെ പകർപ്പു നൽകാൻ സാംസ്കാരിക വകുപ്പ് പലവട്ടം വിസമ്മതിച്ചിരുന്നു. സിവിൽ, ജുഡീഷ്യൽ അധികാരങ്ങൾ ഉപയോഗിച്ചു കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടതോടെയാണ് കഴിഞ്ഞ ദിവസം കൈമാറിയത്. കമ്മിഷൻ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് ഒട്ടേറെ പേർ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചെങ്കിലും സാംസ്കാരിക വകുപ്പ് നൽകിയില്ല.

മേയ് ആദ്യവാരത്തിൽ ഒരു മാധ്യമപ്രവർത്തകൻ അപ്പീലുമായി വിവരാവകാശ കമ്മിഷനെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ.ഹക്കിം വകുപ്പിനോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു. എന്നാല്‍ നിരവധിപ്പേരുടെ വ്യക്തിവിവരങ്ങള്‍ ഉള്ളതിനാല്‍ കൈമാറാനാവില്ലെന്നായിരുന്നു ആദ്യ നിലപാട്. കമ്മിഷന്‍ കടുപ്പിച്ചതോടെയാണ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കൈമാറിയത്.

ENGLISH SUMMARY:

Govt will release Hema Commission Report, says minister Saji Cheriyan